Saturday 26 February 2011

 ഇനിയെങ്കിലും

മാസ ശമ്പളത്തിന്റെ സംഖ്യകള്‍ എണ്ണി 
വരവ് ചെലവ് കോളങ്ങളില്‍ 
ചിലവുകള്‍ ഏറി മുടിയേറ്റ്‌ തുള്ളി 
നമ്മുടെ രാപകലുകള്‍ എന്തിനു 
വഴിപാടാക്കണം. 
റിടിക്കുലസ് എന്നും സില്ലി എന്നും 
നാം പലപ്പോഴും കരുതുന്ന കാര്യങ്ങളില്‍ 
എന്തിനു ചിന്തകളുടെ കളി മണ്ണ് ഉരുട്ടണം . 
ഫയലുകളിലെ പച്ച മഷിയില്‍ നിന്ന് 
ഒരു വസന്തം നമുക്ക് സ്വയം അനുവദിക്കാം. 
ഒരിക്കലും പരിഹരിക്കാന്‍ കഴിയാത്ത 
പ്രശ്നങ്ങളില്‍ നിന്ന് 
ഒരവധി ദിനത്തിന്‍റെ പരിമിതവും 
വിഭവ സമ്പന്നവും ആയ ഘടികാര ചലനങ്ങള്‍ 
നമ്മെ കാത്തിരിക്കുന്നു.
നമുക്ക് മാത്രം പരിചിതമായ 
ഈ അക്ഷര മാലകള്‍ 
മണലില്‍ എഴുതാം. 
നമുക്ക് മാത്രം കാണാന്‍ ആകുന്ന 
സ്വപ്‌നങ്ങള്‍   വെള്ളത്തില്‍ എഴുതാം.
ഇപ്പോള്‍ പ്രഭാതമാണ്‌ 
കിടക്കയില്‍ നമ്മള്‍ പരസ്പരം 
കണി കണ്ടുണരുന്ന മുഖങ്ങള്‍ 
നമുക്ക് മാത്രം പരിചിതമാണ് 
ജാലകത്തിലൂടെ കടന്നു വരുന്ന 
സൂര്യ രശ്മികള്‍ 
നിന്നെ ചുംബിക്കും മുന്‍പ്
എനിക്ക് നിന്റെ കവിളുകള്‍ തലോടണം
നിന്റെ മുടിച്ചുരുളുകള്‍ തലോടി 
നെറ്റിയില്‍ ഉമ്മ വയ്ക്കണം. 
അത് എന്‍റെ ആവശ്യവും, ഈ നിമിഷത്തിന്‍റെ അനിവാര്യതയുമാണ് 
പിന്നെ പ്രഭാതത്തിന്റെ നാട്ടു വെളിച്ചത്തിലേയ്ക്കു 
നിന്നെ കൈപിടിച്ചുയര്‍ത്തണം
പല്ല് തേയ്ച്ചു കുളിച്ചു വന്നു
പ്രാര്‍ തഥനയുടെയും സങ്കീര്‍ത്തനങ്ങളുടെയും
ലോകത്ത് നിലവിളക്ക് കൊളുത്തി, ആ വെളിച്ചത്തിലേക്ക് 
ഇത്തിരി നടക്കാം. 
പദ്മാസനത്തില്‍, അല്ലെങ്കില്‍ അര്‍ദ്ധ പദ്മാസനത്തില്‍ 
ആത്മ സമന്വയം നടത്താം. 
പിന്നെ, നോക്കൂ.
ഒരു ചായ അല്ലെങ്കില്‍ ഒരു കപ്പു കാപ്പി.
ഒരു ഒഴിവു ദിനത്തിന്‍റെ സ്വകാര്യതയില്‍ 
ഏകാന്തതയില്‍ കെട്ടിപ്പിടിച്ചു വെറുതെ 
കുറച്ചു നേരം നമുക്ക് സമയത്തെ താലോലിക്കാം.
പിന്നെ നമുക്ക് പ്രാതല്‍ ഒരുക്കാം. 
ഉച്ച ഭക്ഷണം കൂടി ഒരുമിച്ചു ഒരുക്കാം. 
പ്രാതലിനു ശേഷം, പത്രം വായിച്ചു തമാശകള്‍ നോക്കി 
ചിരിക്കാം. ചരമക്കോളത്തില്‍ നിന്ന് 
ഏതെങ്കിലും ആത്മാവിന്റെ മോക്ഷത്തിനായി 
പ്രാര്‍ഥിക്കാം. അതുമല്ലെങ്കില്‍ ഏതെങ്കിലും ടീവീ ചാനെലില്‍
നിനക്ക് ഏറെ ഇഷ്ടപ്പെട്ട ഏതെങ്കിലും പരിപാടി കാണണം.
നീ പ്രോഗ്രാം കാണുക. 
എനിക്ക് നിന്റെ മടിയില്‍ തലവച്ചു ഈ സോഫയില്‍ കിടന്നു 
ഒന്ന് മയങ്ങിയാല്‍ മതി.
നമുക്ക് മാത്രം പരിചിതമായ ശബ്ദങ്ങള്‍ വരുമ്പോള്‍, 
മുഖങ്ങള്‍ വരുമ്പോള്‍, അക്ഷരങ്ങളും സ്വരങ്ങളും 
സ്ക്രീനില്‍ തെളിയുമ്പോള്‍" ദേ ഇത് കണ്ടോ" എന്ന് പറഞ്ഞു  നീ എന്നെ ഉണര്‍ത്തണം
വേഷങ്ങള്‍ കണ്ടു ചിരിക്കാം നമുക്ക്. 
സ്വരങ്ങള്‍ കേട്ടു ഉണരാം നമുക്ക്. 
എന്നിട്ട് നമുക്ക് പതുക്കെ തലയിണയില്‍ 
മുഖങ്ങള്‍ പരത്തിയിട്ട് 
കണ്ണുകളില്‍ കണ്ണുകള്‍ ചായ്ച്ചു 
ഇനിയും കാണാത്ത വസന്ത കാഴ്ചകള്‍ 
തിരയാം. 
തിരകള്‍ അലയടിച്ചു കൊണ്ടേയിരിക്കുന്ന 
ശരീരത്തിന്‍റെ കടലിലേക്ക്‌ കൈകോര്‍ത്തു 
നടക്കാം. 
ആത്മാവിന്‍റെ തീര്‍ഥ കല്പ്പടവുകളിലേക്ക്. 
അമൂര്‍ത്തമായ ഏതോ ഭാവ തലങ്ങളില്‍ 
നീ ഉലഞ്ഞു തളിര്ക്കുംപോള്‍ 
എന്ത് രസമാണ് കാണാന്‍.
ഓ മദ്ധ്യാഹ്നം! 
ഇനി നമുക്ക് മേശപ്പുറത്തെ ചോറും 
മാമ്പഴ പുളിശ്ശേരിയും 
കടുകുമാങ്ങയും 
നിന്റെ വളക്കിലുക്കങ്ങളും 
ചേരുന്ന സ്നേഹ വിരുന്നിലേക്ക് പോകാം. 
ഇവിടെയും നമുക്ക് മൌനത്തില്‍ പാകത്തിന് 
വെള്ളം ചേര്‍ത്ത മോരും കൂട്ടി ഉണ്ണാം
സാവധാനം, നമ്മള്‍ ഉരുട്ടുന്ന  ഉരുളകളില്‍ സമാധാനത്തിന്റെ സ്വാദ്. 
അപരാഹ്നങ്ങളില്‍ എന്റെ മാറിലേക്ക്‌ 
ചിതറിക്കിടക്കുന്ന നിന്റെ മുടിക്ക് ഏറെ അഴകാണ്.
വെറുതെ പുണര്‍ന്നു കിടക്കുന്നതും എത്ര സുഖമാണ്. 
ഇനി സൂര്യന്‍ പടികടന്നു മറയുന്നത് വരെ 
സന്ധ്യാനാമം നിന്റെ ചുണ്ടില്‍ വിരിയുന്നത് വരെ 
നമുക്ക് മാത്രം പരിചിതമായ ഒരു രാത്രിയുടെ 
അലസഗമനം ചെമ്പകപ്പൂവിന്റെ മണമായി
നമ്മുടെ ശയനാഗാരത്തിലേക്ക് കടന്നു വരും വരെ 
കാത്തിരിക്കാം 
എന്റെ ദാഹം വെയിലായി 
നിന്റെ സ്നേഹം മഴയായി 
നമുക്ക് മാത്രം പരിചിതമായ ഈ മിഥുന രാവുകളില്‍
കത്തിപടര്‍ന്നും കനത്തു പെയ്തും വളരുന്നതും പിന്നെ  തളരുന്നതും  വരെ 
നമുക്ക് ഉറങ്ങാതെ കാതോര്‍ക്കാം 
മിഴികള്‍ തുറന്നിരിക്കാം 
ഒന്ന് ആത്മാര്‍ഥമായി സ്നേഹിക്കാന്‍.
ഇന്നെങ്കിലും ഒന്ന് സ്വയം സ്നേഹിക്കാന്‍.
ഈ രാത്രി കുറേക്കൂടി നീണ്ടിരുന്നെങ്കില്‍. 
വേണ്ട, 
പ്രഭാതത്തില്‍ നമുക്ക് വീണ്ടും കാണണം. 
സൂര്യകിരണങ്ങള്‍  പോലെ അന്യോന്യം!
@@@@@@@@@@@@@@@@@@@@@@@@@@


No comments:

Post a Comment