Friday 18 March 2011

MAZHA VANNU

 മഴ വന്നു

മഴ വന്നു നിറയുന്നു 
മനസ്സിലൊരു മിഥുന രാവിന്‍റെ
ഋ തു ഭാരമൊഴിയുന്നു
മഴ പെയ്തു നിറയുന്നു 
ഇരുളില്‍ അത് കവിയുന്നു 
കവിതയുടെ മൊഴിയഴകില്‍
കുളിരായി വിടരുന്നു 
കനലായി, കനവായി 
സിരകളില്‍ ഇളകുന്നോ-
രിലയായി; ഈണമായ് 
വന്നിതാ നിറയുന്നു 
ഇടിമിന്നലില്‍ ഹൃസ്വ മാത്രയില്‍ 
കണ്ണുകള്‍ ഇടയുംപോള്‍ അന്യോന്യ-
മറിയാത്ത ഭാഷയില്‍ 
ചിതറുന്ന സ്നേഹപരാധീന മുഗ്ദ്ധതകള്‍ 
ശ്രുതി ചേര്‍ന്ന് നില്‍ക്കുന്നു. 
നമ്മളില്‍ നമ്മള്‍ അലിവോടെ 
നമ്മളെ തേടുന്നു. 
@@@@

NINAKKU SUKHAM THANNE ALLE?

 നിനക്ക് സുഖം തന്നെ അല്ലെ?
നിനക്ക് സുഖം തന്നെ അല്ലെ?
നിനക്ക് പഴയ പുഞ്ചിരികളും സ്വപ്നങ്ങളും 
തിരിച്ചു കിട്ടിയില്ലേ? 
നിന്റെ പ്രഭാതങ്ങളില്‍ മരച്ചില്ലകളില്‍ നിന്ന് 
കിളികള്‍ ചിലയ്ക്കാ റില്ലേ?
നിന്റെ മധ്യാഹ്നങ്ങളെ  മാമ്പഴം മണക്കുന്ന 
കാറ്റ് വന്നു തലോടി ഒരു ഉച്ച മയക്കത്തിലേയ്ക്കു 
കൂട്ടിക്കൊണ്ടു പോകാറില്ലേ?
നിന്റെ സന്ധ്യകളില്‍ കുളികഴിഞ്ഞെത്തിയ 
ഹരിനാമ കീര്‍ത്തനങ്ങള്‍ ചൊടികളില്‍ 
മുടിയുണക്കാറില്ലേ?
നിനക്ക് സുഖം തന്നെ അല്ലെ?  
***
കത്തുകള്‍ എഴുതാന്‍ എനിക്ക് മടിയാണ് എന്ന്
നിന്റെ പരിഭവങ്ങള്‍ കേട്ട് 
മഷി വിതുമ്പുന്ന ഒരു പ്രവാസിയുടെ 
മനസ്സിലേയ്ക്ക് 
അക്ഷരങ്ങള്‍ തെന്നി വീഴുമ്പോള്‍ 
കടലുകള്‍ക്കപ്പുറത്ത് 
കാഴ്ച്ചകള്‍ക്കപ്പുറത്ത്
നിന്റെ കാതുകളിലേയ്ക്ക്‌ 
ഒരു മധുര സന്ദേശം 
ചിറകുകള്‍ വിടര്‍ത്തി പറക്കാന്‍ 
ഒരുങ്ങുകയാണ്. 
നിനക്ക് സുഖം തന്നെ അല്ലെ?