Monday 28 October 2013

കോമളേടത്തിക്കും
രാഘവേട്ടനും ഇടയിലെ മൌനങ്ങൾക്ക്
രാ ത്രി യുടെ മധ്യയാമങ്ങളിൽ 
കരിയിലയനക്കം കൊണ്ട് ഭംഗം സൃഷ്ട്ടിച്ചത്
ആരായാലും അവനെ രാമൻ എന്ന് വിളിക്കാം.
സെക്കണ്ട് ഷോ കഴിഞ്ഞു പോകുന്ന വഴി
അഹല്ല്യ എന്ന കല്ലിൽ ചവിട്ടി നിന്ന് കൊണ്ട്
ഒന്ന് മൂത്രമൊഴിച്ച് അവൻ നടന്നു പോയതിനു
എത്രയോ ശേഷം 
ഒരു മാർജാരൻ അടുക്കളയുടെ പടിഞ്ഞാറോട്ടുള്ള വാതിൽ  തുറന്നു ചാടിപ്പോകുന്നത്
ചരിത്രപരമായി മണ്ണാത്തി പാറൂ തന്നെ രേഖപ്പെടുത്തിയിട്ടുണ്ട്.
പാവക്കൂത്തിന് പ്രസിദ്ധിയുള്ള നാട്ടിൽ  നിന്ന് മാസാമാസം വീടുകൾ  തോറും നടന്നു ഇൻ സ്റ്റാൾ മെന്റു വ്യവസ്ഥയിൽ പാത്രങ്ങൾ വിറ്റു  ഉപജീവിക്കുന്ന രാഘവേട്ടൻ
 വര്ത്തമാനങ്ങൾക്ക് ഇടയിൽ പണ്ട് വടക്കൻ  ചിറ്റൂരുകാർ  കൊങ്ങൻ പ ട യെ തോല്പ്പിച്ച്ചോടിച്ച കഥകൾ പറയുമ്പോൾ 
തൊഴിൽ രഹിതനായ ഞാൻ നാല് മണിചെടികൾക്ക് വെള്ളമൊഴിച്ചു കൊണ്ട് നിൽക്കുമ്പോൾ
എവിടെയോ നിന്ന് കാറ്റിൽ 
എണ്ണമെഴുക്കുള്ള  മുടിയിൽ ഇരുന്ന് അവിഞ്ഞ പിച്ചി പ്പൂവിന്റെ മണവും, വിയർപ്പിൽ അലിഞ്ഞ അരി ച്ചാന്തി ന്റെ മണവും ചേർന്ന് വെറുതെ വന്നു കെട്ടിപ്പിടിക്കുന്നു. 

പൊള്ളിച്ചെടുത്ത നേരിന്റെ 
തൊലി അടർത്തി മുന്നിലേക്ക്‌ നീട്ടി വച്ചുകൊണ്ട് 
അവൾ  പറഞ്ഞു: 
എനിക്ക് വയ്യ.
മുറിഞ്ഞ നാക്കിന്റെ തുമ്പിൽ തിളച്ച 
തെറിയുടെ പത തുടച്ചുകൊണ്ട് 
അവൻ പറഞ്ഞു:
ഞാൻ പോണു!
കൈകാലിട്ടടിച്ചു കരയുന്ന തൊട്ടിലിന്റെ 
കീഴെ എറുംബ രിക്കുന്ന ഒഴിഞ്ഞ പാൽ ക്കിണ്ണം!!
തുലാമാസത്തിൽ വൈകുന്നേരങ്ങളിൽ 
ആകാശത്ത് നിന്ന് കയറിട്ടു തൂങ്ങാൻ ഒരുമ്പെടുന്ന 
ഒരു കറുത്ത മേഘത്തുണ്ട് 
കാലു തെറ്റി വീണ ഒരു മുഴക്കം.
പിന്നെ ഒരു ചാറ്റൽ മഴ.
തീരുന്നു. 
ഇതൊക്കെ തന്നെ ആണ് ഇവിടെ ജീവിതങ്ങൾ

Sunday 27 October 2013


പ്രണയത്തെ കുറിച്ച് ഒന്നുമറിയാത്ത എനിക്ക് 
ഒന്നും പറയാനില്ല. 
അതൊരു വിശപ്പല്ല ; ആയിരുന്നെങ്കിൽ വയറു കാളുമായിരുന്നില്ലേ?
ദാഹമല്ല; ആയിരുന്നെങ്കിൽ തൊണ്ട വരണ്ടു ഉണങ്ങിയേനെ 
കാമം അല്ല; ആയിരുന്നെങ്കിൽ അവൾ എന്നേ  പിണങ്ങി ഓടിപ്പോയേനെ!
ഒറ്റയ്ക്കാവുംപോഴും അടുത്ത് അവളുണ്ട് എന്ന തോന്നലാവുമൊ?
നിലാവിൽ മഞ്ഞലിഞ്ഞു കുളിരുന്ന ഒരു സ്വപ്നത്തിന്റെ പിൻകഴുത്തിൽ 
ചുണ്ട് ചേര്ത്ത് നിന്ന് കൂമ്പാള മിനുസ്സമുള്ള അവളുടെ കിനാവുകളുടെ അടിവയറിൽ ലോലമായി തഴുകുമ്പോൾ എന്നിലേക്ക്‌ മുഖം ചായ്ക്കുന്ന  കണ്ണുകളിൽ 
തെളിനീരുറവ തെളിയുന്നതാണോ പ്രണയം? അറിയില്ല.
പ്രണയത്തെ കുറിച്ച് ഒന്നുമറിയാത്ത എനിക്ക് പ്രണയിക്കാൻ അവകാശമില്ലല്ലോ.
എല്ലാം സമര്പ്പിച്ചു കഴിഞ്ഞവന് എന്തിനാണ് പ്രണയവും?