Saturday 26 February 2011

 ഇനിയെങ്കിലും

മാസ ശമ്പളത്തിന്റെ സംഖ്യകള്‍ എണ്ണി 
വരവ് ചെലവ് കോളങ്ങളില്‍ 
ചിലവുകള്‍ ഏറി മുടിയേറ്റ്‌ തുള്ളി 
നമ്മുടെ രാപകലുകള്‍ എന്തിനു 
വഴിപാടാക്കണം. 
റിടിക്കുലസ് എന്നും സില്ലി എന്നും 
നാം പലപ്പോഴും കരുതുന്ന കാര്യങ്ങളില്‍ 
എന്തിനു ചിന്തകളുടെ കളി മണ്ണ് ഉരുട്ടണം . 
ഫയലുകളിലെ പച്ച മഷിയില്‍ നിന്ന് 
ഒരു വസന്തം നമുക്ക് സ്വയം അനുവദിക്കാം. 
ഒരിക്കലും പരിഹരിക്കാന്‍ കഴിയാത്ത 
പ്രശ്നങ്ങളില്‍ നിന്ന് 
ഒരവധി ദിനത്തിന്‍റെ പരിമിതവും 
വിഭവ സമ്പന്നവും ആയ ഘടികാര ചലനങ്ങള്‍ 
നമ്മെ കാത്തിരിക്കുന്നു.
നമുക്ക് മാത്രം പരിചിതമായ 
ഈ അക്ഷര മാലകള്‍ 
മണലില്‍ എഴുതാം. 
നമുക്ക് മാത്രം കാണാന്‍ ആകുന്ന 
സ്വപ്‌നങ്ങള്‍   വെള്ളത്തില്‍ എഴുതാം.
ഇപ്പോള്‍ പ്രഭാതമാണ്‌ 
കിടക്കയില്‍ നമ്മള്‍ പരസ്പരം 
കണി കണ്ടുണരുന്ന മുഖങ്ങള്‍ 
നമുക്ക് മാത്രം പരിചിതമാണ് 
ജാലകത്തിലൂടെ കടന്നു വരുന്ന 
സൂര്യ രശ്മികള്‍ 
നിന്നെ ചുംബിക്കും മുന്‍പ്
എനിക്ക് നിന്റെ കവിളുകള്‍ തലോടണം
നിന്റെ മുടിച്ചുരുളുകള്‍ തലോടി 
നെറ്റിയില്‍ ഉമ്മ വയ്ക്കണം. 
അത് എന്‍റെ ആവശ്യവും, ഈ നിമിഷത്തിന്‍റെ അനിവാര്യതയുമാണ് 
പിന്നെ പ്രഭാതത്തിന്റെ നാട്ടു വെളിച്ചത്തിലേയ്ക്കു 
നിന്നെ കൈപിടിച്ചുയര്‍ത്തണം
പല്ല് തേയ്ച്ചു കുളിച്ചു വന്നു
പ്രാര്‍ തഥനയുടെയും സങ്കീര്‍ത്തനങ്ങളുടെയും
ലോകത്ത് നിലവിളക്ക് കൊളുത്തി, ആ വെളിച്ചത്തിലേക്ക് 
ഇത്തിരി നടക്കാം. 
പദ്മാസനത്തില്‍, അല്ലെങ്കില്‍ അര്‍ദ്ധ പദ്മാസനത്തില്‍ 
ആത്മ സമന്വയം നടത്താം. 
പിന്നെ, നോക്കൂ.
ഒരു ചായ അല്ലെങ്കില്‍ ഒരു കപ്പു കാപ്പി.
ഒരു ഒഴിവു ദിനത്തിന്‍റെ സ്വകാര്യതയില്‍ 
ഏകാന്തതയില്‍ കെട്ടിപ്പിടിച്ചു വെറുതെ 
കുറച്ചു നേരം നമുക്ക് സമയത്തെ താലോലിക്കാം.
പിന്നെ നമുക്ക് പ്രാതല്‍ ഒരുക്കാം. 
ഉച്ച ഭക്ഷണം കൂടി ഒരുമിച്ചു ഒരുക്കാം. 
പ്രാതലിനു ശേഷം, പത്രം വായിച്ചു തമാശകള്‍ നോക്കി 
ചിരിക്കാം. ചരമക്കോളത്തില്‍ നിന്ന് 
ഏതെങ്കിലും ആത്മാവിന്റെ മോക്ഷത്തിനായി 
പ്രാര്‍ഥിക്കാം. അതുമല്ലെങ്കില്‍ ഏതെങ്കിലും ടീവീ ചാനെലില്‍
നിനക്ക് ഏറെ ഇഷ്ടപ്പെട്ട ഏതെങ്കിലും പരിപാടി കാണണം.
നീ പ്രോഗ്രാം കാണുക. 
എനിക്ക് നിന്റെ മടിയില്‍ തലവച്ചു ഈ സോഫയില്‍ കിടന്നു 
ഒന്ന് മയങ്ങിയാല്‍ മതി.
നമുക്ക് മാത്രം പരിചിതമായ ശബ്ദങ്ങള്‍ വരുമ്പോള്‍, 
മുഖങ്ങള്‍ വരുമ്പോള്‍, അക്ഷരങ്ങളും സ്വരങ്ങളും 
സ്ക്രീനില്‍ തെളിയുമ്പോള്‍" ദേ ഇത് കണ്ടോ" എന്ന് പറഞ്ഞു  നീ എന്നെ ഉണര്‍ത്തണം
വേഷങ്ങള്‍ കണ്ടു ചിരിക്കാം നമുക്ക്. 
സ്വരങ്ങള്‍ കേട്ടു ഉണരാം നമുക്ക്. 
എന്നിട്ട് നമുക്ക് പതുക്കെ തലയിണയില്‍ 
മുഖങ്ങള്‍ പരത്തിയിട്ട് 
കണ്ണുകളില്‍ കണ്ണുകള്‍ ചായ്ച്ചു 
ഇനിയും കാണാത്ത വസന്ത കാഴ്ചകള്‍ 
തിരയാം. 
തിരകള്‍ അലയടിച്ചു കൊണ്ടേയിരിക്കുന്ന 
ശരീരത്തിന്‍റെ കടലിലേക്ക്‌ കൈകോര്‍ത്തു 
നടക്കാം. 
ആത്മാവിന്‍റെ തീര്‍ഥ കല്പ്പടവുകളിലേക്ക്. 
അമൂര്‍ത്തമായ ഏതോ ഭാവ തലങ്ങളില്‍ 
നീ ഉലഞ്ഞു തളിര്ക്കുംപോള്‍ 
എന്ത് രസമാണ് കാണാന്‍.
ഓ മദ്ധ്യാഹ്നം! 
ഇനി നമുക്ക് മേശപ്പുറത്തെ ചോറും 
മാമ്പഴ പുളിശ്ശേരിയും 
കടുകുമാങ്ങയും 
നിന്റെ വളക്കിലുക്കങ്ങളും 
ചേരുന്ന സ്നേഹ വിരുന്നിലേക്ക് പോകാം. 
ഇവിടെയും നമുക്ക് മൌനത്തില്‍ പാകത്തിന് 
വെള്ളം ചേര്‍ത്ത മോരും കൂട്ടി ഉണ്ണാം
സാവധാനം, നമ്മള്‍ ഉരുട്ടുന്ന  ഉരുളകളില്‍ സമാധാനത്തിന്റെ സ്വാദ്. 
അപരാഹ്നങ്ങളില്‍ എന്റെ മാറിലേക്ക്‌ 
ചിതറിക്കിടക്കുന്ന നിന്റെ മുടിക്ക് ഏറെ അഴകാണ്.
വെറുതെ പുണര്‍ന്നു കിടക്കുന്നതും എത്ര സുഖമാണ്. 
ഇനി സൂര്യന്‍ പടികടന്നു മറയുന്നത് വരെ 
സന്ധ്യാനാമം നിന്റെ ചുണ്ടില്‍ വിരിയുന്നത് വരെ 
നമുക്ക് മാത്രം പരിചിതമായ ഒരു രാത്രിയുടെ 
അലസഗമനം ചെമ്പകപ്പൂവിന്റെ മണമായി
നമ്മുടെ ശയനാഗാരത്തിലേക്ക് കടന്നു വരും വരെ 
കാത്തിരിക്കാം 
എന്റെ ദാഹം വെയിലായി 
നിന്റെ സ്നേഹം മഴയായി 
നമുക്ക് മാത്രം പരിചിതമായ ഈ മിഥുന രാവുകളില്‍
കത്തിപടര്‍ന്നും കനത്തു പെയ്തും വളരുന്നതും പിന്നെ  തളരുന്നതും  വരെ 
നമുക്ക് ഉറങ്ങാതെ കാതോര്‍ക്കാം 
മിഴികള്‍ തുറന്നിരിക്കാം 
ഒന്ന് ആത്മാര്‍ഥമായി സ്നേഹിക്കാന്‍.
ഇന്നെങ്കിലും ഒന്ന് സ്വയം സ്നേഹിക്കാന്‍.
ഈ രാത്രി കുറേക്കൂടി നീണ്ടിരുന്നെങ്കില്‍. 
വേണ്ട, 
പ്രഭാതത്തില്‍ നമുക്ക് വീണ്ടും കാണണം. 
സൂര്യകിരണങ്ങള്‍  പോലെ അന്യോന്യം!
@@@@@@@@@@@@@@@@@@@@@@@@@@


Tuesday 22 February 2011

SATHRAM

സത്രം 

കരയാറില്ലെങ്കിലും
നിന്‍റെ കണ്ണീരിന്നുപ്പെന്‍
കരളില്‍ ചേര്‍ത്തേ
രാത്രി വാതില്‍ ചാരിപ്പോകുന്നു. 
ചിരിയ്ക്കാന്‍ മറന്നു നീ 
നിന്‍റെ ചുണ്ടിലെ കരി- 
ന്തിരിയെന്നാത്മാവിന്‍റെ 
നോവില്‍ വീണലിയുന്നൂ
അറിയുന്നില്ലെങ്കിലും 
നിന്‍റെ മാര്‍വ്വിടം വിങ്ങി 
ചുരത്തും മുലപ്പാലില്‍ 
നൊമ്പരം രുചിക്കുന്നൂ 
അക്ഷരം പിറക്കുന്ന വേദന 
ഖനശ്യാമപക്ഷ ത്തിന്‍ വിപഞ്ചിക 
പൊട്ടുന്ന നിശീഥിനി
കൊളുത്തേണ്ടിനി യൊരു വിളക്കും 
തമസ്സിന്‍റെ കൊളുത്തില്‍ കോടിപ്പോയ 
മുഖങ്ങള്‍ വീണ്ടും കാണാന്‍
തുറക്കേണ്ടിനി നാമീ ജാലകം 
പുറത്തേയ്ക്ക് 
ഋതുക്കള്‍ മറന്നിട്ട മനസ്സിന്‍ ഇതള്‍ കാണാന്‍. 
സത്യങ്ങള്‍ ദുഃഖങ്ങള്‍ ഇനിയും നിറം മാഞ്ഞ
മിഥ്യകള്‍ കാണാന്‍ കണ്ണ് തുറക്കാതിരിയ്ക്കുക 
നരയ്ച്ച വികാരങ്ങള്‍ തോല്‍പ്പാവക്കളിത്തട്ടില്‍
വിറയ്ച്ച്ചു വീഴുംവരെ വെളിച്ചം സഹിക്കുക.
തിരിച്ചു നടക്കുമ്പോള്‍ പിന്നെയും വഴിമുട്ടി 
തരിച്ചു നില്‍ക്കുംപോളും
നിഴല്‍ പോളകള്‍ വേലിക്കെട്ടുകള്‍ക്കിടയില്‍ നി-
ന്നൊടുക്കം നമ്മെ നോക്കി കൊഞ്ഞനം കുത്തുമ്പോഴും 
ഓര്‍ക്കുക ഇത് വെറും സത്രമാണീ ജീവിതം 
സൗജന്യമായ് കിട്ടുന്ന ജന്മങ്ങള്‍ മരണങ്ങള്‍. 
 



Thursday 17 February 2011

പതുക്കെ... ഒരു യാത്ര ആരംഭിക്കുകയാണ് !

"മടങ്ങുകയാണോ?" 
"അതെ. "
"ധൃതിയായോ?"
"എന്തെ?"
"അങ്ങ്  എവിടേയ്ക്കാണ് ഈ യാത്ര?"
"തുടങ്ങിയിടത്തെയ്ക്ക്" 
"ഞാനും വരട്ടെ?"
"വളരെ ദൂരം പോകാനുണ്ട്."
"സാരല്ല്യ"
"വെയിലും മഴയും കാറ്റും മഞ്ഞും വലയ്ക്കും."
"സാരല്ല്യ"
"വേഗത പോരാതെ വരുമ്പോള്‍ കിതയ്ക്കും"
"സാരല്ല്യ"
"അസുഖങ്ങള്‍ വന്നാല്‍ വല്ലാതെ ബുദ്ധിമുട്ടും"
"ഒന്നും വരില്ല്യാ" 
"ഇരുട്ടത്ത് തപ്പിത്തടഞ്ഞും വഴിമുട്ടിപ്പോയും പ്രയാസങ്ങളുണ്ടാകും"
"എനിക്ക് കാഴ്ചയ്ക്ക് കൊഴപ്പോന്നും ല്ല്യാ. വഴി മുട്ടലും ണ്ടാവില്ല്യാ."
"പാതി വഴിയില്‍ മടങ്ങിപ്പോയാലോ എന്ന് ചിന്തിച്ചു പോകും"
"ഇല്ല്യാ അങ്ങനീണ്ടാവില്ല്യാ" 
"ലക്ഷ്യത്തിലെത്തുമോ എന്നെനിക്കറിയാത്ത യാത്രയാണ്."
"അതും സാരല്ല്യാ. ലക്ഷ്യത്തിലെത്തിക്കോളും"
"എന്തിനാ എന്‍റെ ഒപ്പം വരണെ?"
"എനിക്കിഷ്ടം ണ്ടായിട്ട്‌."
" ആരെ? എന്നെയോ യാത്രയെയോ?"
"ജീവിതത്തെ." 
"ആരുടെ ജീവിതത്തെ?"
"നമ്മുടെ, സഹയാത്രികരായ നമ്മുടെ ജീവിതത്തെ."
"വരൂ, നമുക്ക് പതുക്കെ നടക്കാം."
*******************************

NAMMUDE ILVA VEYILUKALIL

 നമ്മുടെ ഇള വെയിലുകളില്‍ ഇപ്പോഴും 
നാട്ടു മാമ്പഴത്തിന്റെ ഗന്ധമാണ് 

നമ്മുടെ  ഇള വെയിലുകളില്‍  എപ്പോഴും
 നാട്ടു മാമ്പഴത്തിന്റെ ഗന്ധമാണ്.
നമ്മള്‍ പഴയ മേടത്തിന്റെ 
നട്ടുച്ചകള്‍ കാത്തു മാഞ്ചുവട്ടില്‍ കാത്തു നിന്നവരാണ്.
പട്ടു പാവാടയുടുത്തു,
പാദസരങ്ങള്‍ കിലുക്കി 
മാറോടു അടുക്കിപ്പിടിച്ച്ച്ച സ്ലേറ്റില്‍ 
നീ കോറി വരച്ച അക്ഷരത്തിന്റെ മുന 
അഞ്ചു വയസ്സുകാരിയുടെ ചിണുങ്ങല്‍ ആയി
എന്നെ കാണിക്കാന്‍ ഓടി വന്ന ആ നിമിഷം, ദിനം, വര്ഷം. എല്ലാം ഓര്‍മ്മയുണ്ട്. 
ആ  പെണ്‍കുട്ടി 
നീയാണ്.
ആദ്യാക്ഷരം പോലെ അത്ഭുതമായി വളര്‍ന്ന 
ആ പെണ്‍കിടാവ് നീയാണ്. 
നീ പണ്ടും അങ്ങനെയാണ്. 
നീ പറയാറുള്ളതും അങ്ങനെയൊക്കെ തന്നെ ആണ്.
പറയാതെ പറയുന്ന ശീലം നിനക്ക് സ്വന്തമാണ്.
ഞാന്‍ ഈ ഊഞ്ഞാലില്‍ നിന്ന് എണീറ്റ്‌ വരണം 
നിന്റെ സ്ലേറ്റിലെ അക്ഷരം കാണണം. 
പിന്നെ നിന്റെ കൈകളിലെ കുപ്പിവളകള്‍ 
നോക്കണം. 
ചാന്തു പൊട്ടണിഞ്ഞ നിന്റെ നെറ്റിയിലെ കുറുനിരകള്‍  
കണ്ടു ഹായ് എന്ത് ഭംഗി എന്ന് ആത്മഗതം 
അല്‍പ്പം ഉറക്കെ പറയണം. 
നിനക്ക് അത് കേട്ട് കൊച്ചരി പല്ലുകള്‍ കാട്ടി പൊട്ടി ചിരിക്കണം.
പിന്നെ, ഊഞ്ഞാലാടാന്‍ നിന്റെ കൂടെ 
മാവിന്‍ ചുവട്ടില്‍ ഒപ്പം വരണം.
വിയര്‍ക്കുമ്പോള്‍ കൂമ്പാള വിശറികൊണ്ട്‌
നിന്നെ വീശി തരണം. 
പിന്നെ, ആടി തളരുമ്പോള്‍ കൈ പിടിച്ചു 
നിന്നെ ഊഞ്ഞാലില്‍ നിന്ന് താഴെയിറക്കണം.
ഇടവഴിയിലൂടെ നിനക്ക് മടങ്ങാന്‍ സമയമാകുമ്പോള്‍ 
ഇഴ ജന്തുക്കളെ കണ്ടു പേടിക്കാതിരിക്കാന്‍ 
ഞാന്‍ ഒപ്പം നടക്കണം.
ഉത്സവ പറമ്പില്‍ നിന്ന് രണ്ടു വള
പച്ചയും നീലയും നിറമുള്ള രണ്ടു റിബ്ബണ്‍
ഇഞ്ചി മുട്ടായി 
ഒരു മാല. 
ആനമയിലൊട്ടകം കളിക്കാന്‍ പോയ കഥകള്‍ പറയണം
ഓല മേഞ്ഞ സിനിമാ കൊട്ടകയില്‍ അവസാനം കണ്ട 
സിനിമയിലെ ഒരു പാട്ട് പാടി കേള്‍ക്കണം. 
പ്രേം നസീര്‍ ഷീല ജയഭാരതി മാരുടെ ആരുടേതായാലും ഒരു പടം നിനക്കായി കൊണ്ട് വന്നു തരണം.
ഇത്രയുമൊക്കെ മതിയായിരുന്നു നിനക്ക്.
ഇത്രയുമൊക്കെ വലുതായിരുന്നു നിനക്ക്.
അന്ന്.
നമ്മുടെ യൌവ്വനങ്ങള്‍ക്ക് തിരുവാതിരകളും 
ഓണ മുറ്റങ്ങളും പൂവിളിച്ചിരുന്നു.
അമാവാസിക്ക് പോലും നിന്റെ മുഖത്ത് 
അന്ന് പൂര്‍ണ്ണ ചന്ദ്രന്‍ ഉദിച്ചിരുന്നു. 
ഞാന്‍ ആ ചന്ദ്രികയില്‍ അലിഞ്ഞിരുന്നു. 
ആരും അറിയാതെ, ആരോടും പറയാതെ 
നമുക്ക് അന്യോന്യം സ്നേഹിക്കാന്‍ കഴിഞ്ഞിരുന്നു.
ഇന്ന് 
ആ മാവ് നിന്നിടത്തു  ഒരു ഫ്ലാറ്റ് സമുച്ചയം 
കുട്ടികള്‍ പട്ടു പാവാട ചുറ്റാന്‍ മറന്ന ബാല്യങ്ങള്‍ 
ലാപ്ടോപ്പില്‍ ഗയിം കളിക്കുന്ന കൌമാരങ്ങള്‍ 
ഊഞ്ഞാല്‍ പടികളില്‍ നിന്ന് തെറിച്ചു പോയ ഇടവ മധ്യാഹ്നങ്ങള്‍ 
വൈറ്റ് മെറ്റലിന്റെ വളകള്‍ക്കു കിലുക്കമില്ല. 
പ്ലാസ്റ്റി ക്കിന്റെ പൊട്ടണിഞ്ഞ നെറ്റിയിലേക്ക് കുറുനിരകള്‍ മയങ്ങി വീഴാറില്ല. 
ജീന്‍സിനും ടോപ്പിനും കൌതുകത്തിന്റെ കരള്‍ ചെപ്പു തുറക്കാന്‍ പറ്റുന്നില്ല. 
ഇവിടെ നീയിപ്പോള്‍ വന്നത് പോലും ഞാനറിഞ്ഞില്ല 
നിന്‍റെ പാദ ചലനങ്ങള്‍ പോലും എനിക്ക് കേള്‍ക്കാന്‍ കഴിയുന്നില്ല.
എന്‍റെ കണ്ണടകളിലൂടെ ഒന്നും വായിക്കാന്‍ കഴിയുന്നില്ല; നിന്‍റെ മനസ്സിന്‍റെ സ്ലേറ്റിലെ
ഈ അക്ഷരം എനിക്ക് അജ്ഞാതമാണ്. 

എങ്കിലും 
നേരം വല്ലാതെ ആയി. പോകാം എന്ന് പറയുമ്പോള്‍ 
നീയിപ്പോഴും എന്‍റെ കൈ പിടിക്കാന്‍ ആഗ്രഹിക്കുന്നുണ്ട്. 
നിന്‍റെ കൈകള്‍ വിറയ്ക്കുന്നു. 
നിന്‍റെ വീട്ടിലേക്കുള്ള ഇടവഴികളെല്ലാം ഇപ്പോള്‍ ഷോപ്പിംഗ്‌ മാളുകളുടെ മരുഭൂമികള്‍ മാത്രം.
വാ
ഇവിടെ നിന്നാല്‍ നമുക്ക് ഇത്തിരി വെള്ളം പോലും കിട്ടില്ല. അത്രയ്ക്ക് ചൂടാണ് ഈ വേനലിന്. 
എന്‍റെ തോര്‍ത്ത്‌ നിന്‍റെ തലയില്‍ ഇട്ടോ. അത്രയും വെയില്‍ കൊള്ളാതെ നടക്കാം. 
തളര്ച്ചയുന്ടെങ്കില്‍ നമുക്ക് ഇത്തിരി നേരം വിശ്രമിക്കാം. എന്‍റെ മടിയിലേക്ക്‌ തല വച്ചു കിടന്നോ. 
പിന്നെ നിനക്ക് നടക്കാന്‍ വയ്യെങ്കില്‍, ഞാന്‍ താങ്ങി പിടിക്കാം. വീഴില്ല. 
അടുത്ത നാല്‍ക്കവല എത്തട്ടെ. ഇത്തിരി സംഭാരം. അല്ല ഒരു നാരങ്ങ സര്‍ബ്ബത്തെങ്കിലും വാങ്ങി തരാം. 
അല്ലാ, ഇതെന്താ കഥ? നീ ഇത്ര വേഗം ഉറങ്ങി കഴിഞ്ഞോ? 
വേണ്ട. ഞാന്‍ നിന്നെ ഉണര്‍ത്തുന്നില്ല. ശാന്തമായി 
ഉറങ്ങൂ. 
രാരീരം രാരീരം രാരീരാരോ ...
@@@@@@@@

Monday 7 February 2011

POOMARANGAL KARAYUNNU

 പൂമരങ്ങള്‍ കരയുന്നു

എന്‍റെ കയ്യില്‍ തരാനില്ലൊരു തൂലിക 
എന്നും നിനക്കെഴുതാന്‍, എന്‍റെ സ്നേഹിതാ 
കണ്ണില്‍ നിന്നും കടമായെടുക്കാനൊരു 
പൊന്നിന്‍ കിനാവ്‌ പോലും സ്വന്തമായില്ല!
വര്‍ണ്ണങ്ങള്‍ വാരി വിതച്ച കൌമാരങ്ങള്‍ 
യൌവ്വനം പൂത്തു നിറഞ്ഞ സുഗന്ധങ്ങള്‍ 
എല്ലാം എരിഞ്ഞും കരിഞ്ഞും തുടങ്ങുന്ന 
സന്ധ്യകള്‍ മാത്രം മതി എന്‍റെ കൂട്ടിനായ്. 
നിന്‍റെ മൃണാള മൃദുലാന്ഗുലികളെ
ചുംബിച്ചുണര്ത്താന്‍ എനിക്കില്ല ചുണ്ടുകള്‍ 
നിന്‍റെ സുകൃത സുധാ ധാരയില്‍ മുങ്ങി 
പൊങ്ങി നീന്താന്‍ എനിക്കില്ലിനി രാത്രികള്‍ 
നെഞ്ചിലെ ഭാവ ഗീതങ്ങള്‍ക്കിണയായ
സംഗീത മൊന്നു മില്ലെന്‍ കളി വീണയില്‍.
പക്ഷങ്ങള്‍ പാതി തളര്‍ന്നൊരീ പക്ഷിയെ 
ഒറ്റയ്ക്കിവിടെ ഉപേക്ഷിച്ചു പോകു നീ 
കണ്ടു മറന്ന വാഴ്വിന്‍റെ മന്ദസ്മിതം 
നന്ദി; മറക്കാന്‍ എനിക്കാവതില്ലിനി.
തരളമാം  സ്പര്‍ശം തരംഗ ഫേനങ്ങളായ് 
തഴുകി ഉണര്‍ത്തിയ ഹര്‍ഷാങ്കുരങ്ങളെ
താഴെ വച്ചൊന്നു തലോടി ഭവാനിതാ 
സ്നേഹാദരങ്ങളോടെ തരാം തിരികെ ഞാന്‍.
എന്‍റെ യായ് ഒന്നുമില്ലാത്തൊരീ യാത്രയില്‍ 
എണ്ണ വറ്റി തീര്‍ന്ന മണ്‍ ചിരാതെങ്കിലും
ആയിരം ബ്രഹ്മ വര്‍ഷങ്ങള്‍ക്കനന്തരം 
ഇന്ന് കാണുന്നതാവാം നമ്മളെങ്കിലും 
ഇന്ന് കൈനീട്ടമായ് ഞാന്‍ തരും നോവിന്‍റെ 
ചെണ്ട് മല്ലിപ്പൂ; ഇതാ ഒന്നെടുക്കുക.
വാതില്‍ അടച്ചു കൊളുത്ത്തിടും മുന്‍പ് നീ 
കാണാന്‍ കൊതിച്ച തകര്‍ന്ന മനസ്സിന്‍റെ 
നാഴിക വട്ടയില്‍ കാലം ഭ്രമിക്കുന്ന 
കാല്‍പ്പദ വിന്യാസമായ് മറന്നേക്കുക 
കണ്ണു നീര്‍ എന്‍ കാഴ്ച മൂടുന്നുവെങ്കിലും 
ഭംഗിയില്‍ ഒന്നു ചിരിക്കാന്‍ ശ്രമിക്കുക.
*************************************************************










വിവാഹങ്ങള്‍ ഇന്നും സ്വര്‍ഗത്തില്‍ തന്നെ നടക്കുകയും മോചിതര്‍ നരകത്തിലേക്ക് 
ഓടുകയും ചെയ്യുന്നു  

കാമത്തില്‍ നിന്നും നായികയെ ത്രാണനം 
ചെയ്യുന്നവന്‍ കാമുകന്‍.
ഞരമ്പ് രോഗി കാമുകനാവില്ല.
ഭൌതികത്തില്‍ നയിച്ചും നയിപ്പിച്ചും 
ഭൌതികാതീത ജീവിതത്തില്‍ 
ഒരുമിച്ചു യാത്ര ചെയ്യുന്നവര്‍ 
ഭാര്യാ ഭര്‍ത്താക്കന്മാര്‍.
അരയ്ക്കു ചേരണം അരഞ്ഞാണം.
തലയ്ക്കു ചേരണം തലപ്പാവ്.
അലങ്കാര ഭൂഷണങ്ങള്‍ കൊള്ളാം 
വധുവിനു വിവാഹ വേളയില്‍ മാത്രം 
ആള്‍കൂട്ടത്തില്‍ നിന്നു പെട്ടെന്ന്തിരിച്ചറിയാന്‍.
മുടിയില്‍ ചൂടിയ പൂവിനു പോലും ഒരു ദിവസത്തെ 
ആയുസ്സേ ഉള്ളൂ.
പട്ടു സാരിയും കനകാഭരണങ്ങളും
അഴിച്ചു വച്ചാലേ ആദ്യ രാത്രിയിലും 
ജീവിതം ഭാരരഹിതമാവൂ.
അത്യന്തംആകര്‍ഷകം എന്നൊന്നില്ല; മിഴികള്‍ പോലും.
കണ്ണിലൊരു കരടു വീണാല്‍ 
കണ്ണീരു കൊണ്ടു കഴുകലാണ് പ്രകൃതി ചികിത്സ. 
വസ്ത്ര ശാലയുടെ മോഡല്‍ എത്ര സുന്ദരി ആയാലും 
പരസ്സ്യത്ത്തില്‍ നഗ്നത എത്ര കാട്ടുന്നു എന്നാണു 
വിലപേശലിന്റെ മര്‍മ്മം. 
സെല്ല് ലോയ്ഡിലെ ചുംബനങ്ങള്‍ 
ചൂടില്ലാത്ത ദോശകള്‍ പോലെയാണ്.
സീരിയല്‍ കഥകള്‍ ജീവിതത്തില്‍ കഥയില്ലായ്മകള്‍ മാത്രം. എല്ലാം കാണണം. കണ്ടു നിറയരുത്. കണ്ണു നിറയേണ്ട കാര്യമില്ല. 
കളിയല്ല കല്യാണം എന്ന് പറഞ്ഞത് പഴം വാക്കായി. 
പാഴ്വാക്കായി. 
ഇന്നത്‌ സംഭവങ്ങള്‍ ആണ്. 
ഇവന്ടു  മാനേജര്‍മാരുടെ 
ഉപജീവനമാണ്.  
വൈവാഹിക പരസ്യങ്ങള്‍ നോക്കൂ 
മകള്‍ക്ക് വേണ്ടത് ഡോക്ടര്‍ , എന്‍ജിനീയര്‍, വക്കീല്‍, സോഫ്റ്റ്‌വെയര്‍ പ്രഫഷണല്‍. എന്‍ ആര്‍ ഐ. പച്ച കാര്‍ഡ് ഉണ്ടെങ്കില്‍ വളരെ മെച്ചം.
മകന് വേണ്ടത് ഡോക്ടര്‍, എഞ്ചിനീയര്‍, ടീച്ചര്‍, 
സോഫ്റ്റ്‌വെയര്‍ പ്രഫഷണല്‍.  അച്ഛനമ്മമാര്‍ക്ക് പച്ച കാര്‍ഡ് ഉണ്ടെങ്കില്‍ മുന്‍ഗണന. 
നല്ല ഭര്‍ത്താവിനെയോ, ഭാര്യയെയോ എവിടെ എങ്ങിനെ കിട്ടും എന്നല്ല.
അതു തിരയാനുള്ള ആകാംക്ഷയില്‍ ഇതെല്ലാം 
മാത്രമാണ് പുതിയ അളവുകോലുകള്‍.
ജീവിതത്തില്‍ കൂട്ടുകാരായി മക്കള്‍ക്ക്‌ 
പ്രഫഷണല്‍ ഊന്നു വടികള്‍ മതി. 
പെരുമുടികള്‍; കൊടുമുടികള്‍ കയറേണ്ടവരല്ലേ!
വിവാഹം പണ്ടത്തെപ്പോലെ ഒരു സ്വകാര്യമായ അനുഭൂതിയല്ലല്ലോ.
അച്ഛനും അമ്മയ്ക്കും ബന്ധുക്കള്‍ക്കും 
ആഘോഷമായി ആഭരണ കടകളുടെ, വസ്ത്ര ശാലകളുടെ, ബ്യൂട്ടി പാര്‍ലര്‍കളുടെ 
ക്യാഷ് കൌണ്ടറുകളില്‍  പണക്കൊട്ട ചൊരിയാനുള്ള
അവസരമാണ്. 
സ്വര്‍ ണ്ണ ത്തിനു തീ വിലയാ, എന്‍റെ ദൈവമേ വിലപിച്ച്ചിട്ടെന്താ കാര്യം.
കൈയും മെയ്യും സ്വയം പൊള്ളിക്കാന്‍ 
തിരക്കിട്ടാണ് ജ്വല്ലറികളില്‍ ആളുകള്‍ ക്യു നില്‍ക്കുന്നത്. 
പണിക്കൂലി, പണിക്കുറവു, മാറ്റ് കുറവ്. നോക്ക് കൂലി. തൂക്ക കുറവ്. ഒരു പ്രശ്നവും ഇല്ലെന്നേ. ഇന്നലേം കൂടി ടീവീലെ പ്രൈം ടൈം പരസ്യത്തിലെ 
പെണ്ണിന്റെ കഴുത്തില്‍ കണ്ട അതേ മാല, അതേ നെക്ലസ്, അതേ വള. അതു മതി. അതു തന്നെ മതി മോള്‍ക്ക്‌. ഇതിനു മാച്ചു ചെയ്യുന്ന കല്യാണ സാരിക്ക് ഒരു ലക്ഷം രൂപ അധികമൊന്നുമല്ലന്നേ.
ആധാരം പണയം വച്ചു ബ്ലൈഡില്‍ നിന്നു 
ലോണ്‍ എടുത്താലും 
മക്കളെ പട്ടും പൊന്നും കൊണ്ടു കുളിപ്പിച്ച് കിടത്തിയിട്ട് വേണം 
മലയാളിക്ക് അടുത്ത ഫ്ലൈറ്റില്‍ പട്ടടയിലേക്ക്‌ പോകാന്‍. 
ഒരു പൌര്‍ ണ്ണമി മുഴുവന്‍ കണ്ടു കഴിയാതെ 
ഒന്നുകില്‍ മകന്‍, അല്ലെങ്കില്‍ മകള്‍ 
കെട്ടു താലി ഊരി എറിഞ്ഞു കൊണ്ടാവും ഒരു വരവ്.
അനാഘോഷമായി അനാര്‍ഭാടമായി ഒരു മടക്കം; അവന്‍ ഒട്ടും  കൊള്ളില്ല. അല്ലെങ്കില്‍ അവള്‍ മഹാ  പെഴയാണ്. ഇനി വേണ്ട.
ഒട്ടും കൊളളാത്തവനും മഹാ പെഴയും പിന്നെ ഒറ്റ ഓട്ടം. കുടുംബ കോടതിയിലേക്ക്. 
തിക്കും തിരക്കും വിയര്‍പ്പും കൊണ്ടു നട്ടം തിരിഞ്ഞാലും 
കാത്തിരുപ്പ് കല്‍പ്പാന്ത കാലം നീണ്ടാലും 
ഒഴിപ്പിച്ച്ച്ചേ അടങ്ങൂ. 
കൌണ്‍സലറുടെ മുന്‍പിലാണ് ആദ്യം ആവാഹന ക്രിയ.
പരമ രഹസ്സ്യമായാണ്. എങ്കിലും ബാധകള്‍ ഉറഞ്ഞു തുള്ളി പറയും: 
ഒഴിയണം
ഒഴിയില്ല 
ഒഴിപ്പിക്കും 
ഒഴിഞ്ഞു പോകില്ല 
കൌണ്‍സിലര്‍ ചോദിക്കും: എന്താ പ്രശ്നം? 
ബാധകള്‍ വീണ്ടും ഉറഞ്ഞു തുള്ളും: 
അവന്‍ കിടക്കയില്‍ മൂത്രമൊഴിച്ച്ചു.
അവള്‍ ചായ കുടിച്ച ലോട്ട കഴുകാതെ വച്ചു
അവന്‍ എന്‍റെ ആഭരണം പണയം വച്ചു കള്ള്   കുടിച്ചു. എന്നെ തള്ളി. പിന്നെ,
അവന്‍ കട്ടിലിന്റെ കാലുകള്‍ ഇളകുന്നു എന്ന് പറഞ്ഞു തിരിഞ്ഞു കിടന്നുറങ്ങി. 
അവള്‍ അയല്‍ക്കാരന്‍ ആശാരിയെ വിളിച്ചു കിടപ്പ് മുറിയില്‍ കയറ്റി.
അവന്‍ പട്ടി; എന്നെ പറ്റിച്ചു. 
അവള്‍ തെണ്ടി; എന്നെ നാറ്റിച്ചു.
ഒഴിപ്പിക്കും 
ഒഴിയില്ല. 

മേശ വലിപ്പില്‍ നിന്നു വികസ് ബാം എടുത്തു നെറ്റിയില്‍ ആലേപനം ചെയ്തു, അല്‍പ്പം ധ്യാനിച്ചു, കണ്ണു തുറന്നു കൊണ്ടു ഒന്നു കോട്ട് വായിട്ടു  കൌണ്‍ സിലര്‍ ബാധകളോട് അവസാനമായി ഒരു ചോദ്യമുണ്ട്:
-ഇതിവിടം കൊണ്ടു തീര്വോ? 
ബാധകളില്‍ ബുദ്ധിയും തന്റേടവും ഉള്ള ചിലതുണ്ട്. 
-ഒഴിയാം. ഭാവി ജീവനാംശമായി ഒരു നല്ല സംഖ്യഅവന്‍ കോടതിയില്‍ ഉഴിഞ്ഞു കെട്ടി വയ്ക്കണം. എന്നെ ഇനി എവിടെയെങ്കിലും ആവാഹിച്ചു കുടിയിരുത്തുന്നത് വരെ എനിക്കിങ്ങനെ അലഞ്ഞു നടക്കാന്‍ വയ്യ. 
ചെക്കന്‍ബാധയുടെ കൂടെ വന്ന രാഹു കേതുക്കള്‍ പുരത്ത് നില്‍പ്പുണ്ടാവും. അവര്‍ വന്നു അവന്റെ ചെവിയില്‍ പറയും. സമ്മതിച്ച്ചൂന്നു പറ. പത്ത് ലക്ഷം പണ്ടാരടങ്ങാം. നമ്മടെ ഭാഗത്ത് നിന്നു ഇവക്കു കൊടുത്ത സമ്മാനങ്ങളും തുണീം തിരിച്ചു തരാന്‍ പറഞ്ഞു നോക്കടാ. കിട്ട്യാല്‍ അത്രേം ആയി. അടുത്ത മകരത്തില് മുച്ചിലോട്ടു കാവിലെ താലപ്പൊലി കഴിഞ്ഞു നിനക്ക് നല്ലൊരു കേസ് ഞങ്ങളാലോചിച്ചു 
നടത്തി തരാം.
എല്ലാ ആവാഹന കര്‍മ്മങ്ങളും ഇപ്രകാരം ലളിതവും ശുഭ പര്യവസായിയും ആയിക്കൊള്ളണം എന്നില്ല. ചുട്ട കോഴിയെ പറപ്പിക്കുന്ന വക്കീലന്മാര്‍ മുഖേന മാസങ്ങള്‍, വര്‍ഷങ്ങള്‍ നീണ്ടു നില്‍ക്കുന്ന ആവാഹനക്രിയകള്‍  തന്നെ വേണ്ടി വരുന്ന വൈവാഹിക ആഭിചാരങ്ങള്‍ തന്നെ നിരവധി. അതിനെ കുറിച്ചു സമഗ്രമായി പഠിച്ച ശേഷം പിന്നെ എഴുതാം ട്ടോ . ഇപ്പൊ ഇത്രയും മതീ ട്ടോ. 
@@@@    @@@@@

Sunday 6 February 2011

ശവങ്ങള്‍ 
 
വഴിയാത്രക്കിടയില്‍ രാത്രിയില്‍ അപ്രതീക്ഷിതമായി ഒരു മൂത്രശങ്ക. ആളൊഴിഞ്ഞ ഒരു കശുമാവിന്‍ പറമ്പിലേക്ക് ഞാന്‍ കയറി നിന്നു. വെട്ടു തടുക്കാം മുട്ട് തടുക്കാന്‍ ആവില്ലല്ലോ. അപ്പോള്‍ ഒരു തൂങ്ങി ചത്തവന്‍റെ പ്രേതം കാശു മാവിന്‍ ചുവട്ടില്‍ നിന്നു ഇരുട്ടില്‍ ആരോടെന്നില്ലാതെ ചോദിച്ചു. 
-ഒരു ബീഡി ണ്ടോ തരാന്‍? 
ഞാന്‍ ഒരു ബീഡി കൊടുത്തു.
പ്രേതം തല ചൊറിഞ്ഞു.
-തീപ്പെട്ടി? 
ഞാന്‍ തീപ്പെട്ടിയും കൊടുത്തു. 
അതു വഴി പോയ  കാക്കി ധരിച്ചു തൊപ്പി വച്ച ഒരു ശവം പെട്ടെന്ന് അടുത്ത് വന്നു. ശബ്ദം അനാവശ്യമായി കനപ്പിച്ച്ചു പറഞ്ഞു: " പൊതു സ്ഥലത്ത് പുകവലി ശിക്ഷാര്‍ഹാമാണ്. 
തൂങ്ങി ചത്തവ ന്‍റെ പ്രേതം ഉടനെ എന്‍റെ ഷര്‍ട്ടി ന്‍റെ 
പോക്കറ്റില്‍ നിന്നു ഒരു നൂറു രൂപ എടുത്തു കാക്കി ശവത്തിന്റെ പോക്കറ്റില്‍ ഇട്ടു കൊടുത്തു. ബീഡി ഒന്നുകൂടി ആഞ്ഞു വലിച്ചു കാറി തുപ്പി അതു മറഞ്ഞു. കാക്കിയണിഞ്ഞ ശവം എന്നോടായി പറഞ്ഞു:"പുക വലിച്ചത് മാത്രമല്ല കുറ്റം. ബീഡിയും തീപ്പെട്ടിയും നല്‍കിയത് പ്രേരണാ കുറ്റമാണ്. ചാര്‍ജു ചെയ്യും. ഫൈന്‍ നൂറില്‍ കുറയില്ല."
ഞാന്‍ പിന്നെ ഒന്നും നോക്കിയില്ല. എളിയില്‍ നിന്നു മടക്കു പിച്ചാത്തി വലിച്ചെടുത്തു നീര്‍ത്തി. 
പിന്നെ കേട്ടത് ഒരു ദയനീയമായ ശബ്ദമായിരുന്നു. 
-പ്ലീസ്, ദയവായി ശവത്തില്‍ കുത്തരുതേ. 
@@@@@    @@@@@@@@@@@

 

ashareeri

അശരീരി 

കാളയിറച്ചിയും കള്ളും
കറി വച്ച ഞണ്ടും പൊരിച്ച മീനും 
പുളിയിട്ടതും; 
അപ്പവും പാലും
തവയില്‍ ചൂട് മാറാതെ
ചുട്ടുപൊള്ളപ്പിച്ചെടുത്ത
പൊറോട്ടയും; 
വച്ചു വിളമ്പി വിളിച്ചൂ കിഴക്കത്തി 
ആഘോഷ പൂര്‍വ്വം 
അതൊന്നാസ്വദിക്കുവാന്‍
കോഴിയിറച്ചി
ക്കറി വെന്തതിന്‍ മണം 
കോരിയൊഴിച്ച് വിളമ്പും 
ഉയിര്‍പ്പുനാള്‍!
കാഞ്ഞിരപ്പള്ളി റബ്ബറിന്‍റെ കണ്ണുകള്‍ 
ഊറ്റി ക്കുടിച്ച്ചു ചുവക്കുന്നോരുച്ചയില്‍
വാറ്റിഎടുത്ത ചാരായം നിറം ചേര്‍ത്ത് 
കോപ്പയിലാക്കി കുടിക്കുവാന്‍ നീട്ടുന്ന
കാട്ടുകള്ളി; കരി വളയിട്ട കൈകളില്‍ 
കാറ്റുവന്നിക്കിളി കൂട്ടിയ പോല്‍ നിന്നു. 
മദ്യം വിഷം; മദിരാക്ഷി കൊടും വിഷം
മച്ച്ചിന്നു കീഴെ ഒടുക്കത്തെ അത്താഴ 
സദ്യയിരുന്നുണ്ടചിത്രത്തില്‍ നിന്നൊരാള്‍ 
ഭിത്തിയില്‍ നിന്നു പിടഞ്ഞെണീറ്റെന്നോട് 
കല്പ്പിച്ച്ചുവോ അശരീരി: എണീറ്റ്‌ പോ.
*********************     **********************************


ORAAL

 ഒരാള്‍ 

ഒരു ചങ്ങാടം പോലെ 
പുഴയില്‍ 
ഒരപ്പൂപ്പന്‍ താടി പോലെ 
കാറ്റില്‍ 
ലക്ഷ്യമില്ലാതെ അയാള്‍ പോകുന്നു.
എന്നിട്ടും അശാന്തിയില്ലാത്ത 
ആ മുഖം 
എന്നിട്ടും തളര്‍ച്ച അറിയാത്ത 
ആ പാദങ്ങള്‍.
നിഴല്‍ പോലുമില്ലാതെ 
വെളിച്ചത്തിലേയ്ക്കു നടക്കുന്ന 
ഒരാള്‍.
ഞാന്‍ തേടുന്നത് ആരെയാണ്? 
%%%%%%%%%%%%%%%%%%%%%%%%%%%%%


 

MUTTHATHTHE THAIMAAVU


മുറ്റത്തെ തൈമാവു 

ഉഗ്ര തപസ്സിന്‍ ശിലായുധം കൂര്‍പ്പിച്ച്ചു 
നില്‍ക്കുന്നു  നഗ്ന ശൈലങ്ങള്‍ വേനലില്‍ 
ഭഗ്ന ഹരിതസ്വപ്നത്ത്തിന്‍ ശലാക പോല്‍ 
ചുറ്റി ഒഴുകുന്നു പേരിന്നൊരു  നദി. 
ഇത്തിരി വെള്ളം; ഇടയ്ക്കൊന്നിരിക്കുവാന്‍ 
എത്തി നോക്കുന്ന തളര്‍ന്ന കിളികളെ 
കൈനീട്ടി മാടി വിളിക്കുന്നു മുറ്റത്തു 
തൈമാവൊരെണ്ണം സഹജം സാനുകമ്പം.
ഇത്തിരി മാത്രമേ ഉള്ളെങ്കിലും നിന്റെ 
ഉള്ളിത്രയും വളര്ന്നല്ലോ; കരുണയില്‍ 
നിന്നെക്കുറി ച്ചെനിക്കെന്നും ഓര്‍മ്മിക്കുവാന്‍ 
തന്നതാവാം ഈശ്വരന്‍ സ്നേഹ പുണ്യമേ 
എന്‍റെ മുറ്റത്തു തന്നെ നിന്നെ; നന്മയ്ക്ക് 
വെള്ളമൊഴിച്ചു വളര്‍ത്താന്‍ അവസരം !
എന്‍റെ യീ  ജന്മ സാഫല്യം!  ഇതു  മതി. 
കര്‍മ്മ ഗതികളീ മാമ്പഴക്കാലവും. 
@@@        @@@@






 

Friday 4 February 2011

YAAGAM


 യാഗം 
 ഭാഷയിലേക്ക് വികാരം 
വലിച്ചു കിതയ്ക്കും വിചാരങ്ങള്‍ 
എഴുതാപ്പുറം തേടിവെറുതേ 
നടന്നു പോകുന്നു. 
അക്ഷരങ്ങള്‍ കൂവിയാര്‍ക്കുന്ന 
നെഞ്ചിലെ 
കൊയ്ത്തു കഴിഞ്ഞ പാടത്ത് 
കെട്ടി അടുക്കിയ നെല്‍ക്കറ്റ
നാണം കുടഞ്ഞരക്കെട്ട് മുറുക്കുന്നു.
ജാരന്‍റെ സന്ദര്‍ശനം കാത്തു 
സന്ധ്യകണ്ണില്‍ കറുപ്പെഴുതുന്നു.
മുപ്പെട്ട വെള്ളിയില്‍ 
പാലച്ച്ചു വട്ടിലെന്‍ 
യക്ഷി മുറുക്കാന്റെ ചെല്ലം 
തുറക്കുന്നു. 
ചന്ദന കാതല്‍ കടഞ്ഞ 
പെണ്ണിന്‍ മുലക്കണ്ണിലെന്‍ 
ദാഹക്കരിന്തേളിഴയുന്നു
മച്ചില്‍ നിന്നൊരു ഗൌളി 
ശാസ്ത്രം പറഞ്ഞെ ന്‍റെ
മെത്തയില്‍ ചിത്രമാകുന്നു. 
ഗന്ധര്‍വ മന്ത്രം ജപിച്ചു 
പാറപ്പുറം മച്ചകമാക്കി 
അഹോ രാത്ര യാഗത്തി- 
നുല്‍സുകരായ് സിരാകേന്ദ്രത്തില്‍
അഷ്ട ദല പദ്മം വരയ്ക്കുന്നു. 
ബിന്ദു മധ്യ സ്ഥിതമായ് നാഗ 
ഫണികളില്‍ നിറ മഞ്ഞളാടി
ഉറയുന്ന ഉഷ്ണ കൊടുങ്കാറ്റില്‍ 
ഉലയാതെ ശുക്ല ബന്ധം ചെയ്തു; 
ഭ്രൂമദ്ധ്യബിന്ദുവില്‍ ഘടികാര ചലനം 
തളച്ചു; തിരകളില്‍ തഴുകി ഇറങ്ങി 
ത്തുടി ച്ചു കുളിച്ചു കയറിത്തോര്‍ത്തു ചുറ്റിയ 
ഇടവേളയില്‍; 
അവളുടല്‍ കടഞ്ഞഴകിന്‍റെ
അമൃതകുംഭം ഉയര്ത്തുന്നൂ. 
അതു വാങ്ങി മൊത്തിക്കുടിച്ചും; ഒരുമ്മയില്‍
പുളകങ്ങള്‍ കോര്‍ത്ത്‌ കൊടുത്തും 
ചിരിച്ചാര്‍ത്തു പടരുന്ന പെണ്ണിന്‍ 
സുഖാസക്തമാം പ്രേമ വചനങ്ങള്‍ 
ദീര്‍ഘ രതിയില്‍ കൊളുത്തിയും 
അമരനായ്, അമരുകനായ്, ആഴി കടയുവാന്‍ 
ആദിത്യ ബിംബമായ് അവളില്‍ മറഞ്ഞു ഞാന്‍.
അനാസക്തിതന്‍ ആത്മസ്വരൂപം അറിഞ്ഞു ഞാന്‍. 
@@@@@

Thursday 3 February 2011

KANNE MATANGUKA

കണ്ണേ മടങ്ങുക 


വേണ്ട 
ഒരു പാഴ്ക്കിനാവിന്‍റെ ദുരിത ശകലങ്ങള്‍ 
ജപിച്ചു നീ രാവിന്‍റെ മധു ചഷകങ്ങളില്‍ 
കയ്പ്പായി നിറയേണ്ട. 
കരിഞ്ഞു കത്തും കരിന്തിരിയായി 
ചിതല്‍ തിന്നു തീര്‍ന്ന കടമ്പി ന്‍റെ കാതലായ്
ഇനി നീ കരയേണ്ട
ചിറകു വേകാന്‍ വെയില്‍ കൊള്ളുന്ന 
വേനല്ക്കിളി യായി 
മഴയില്‍ സ്വയം മറന്നലിയാന്‍
വിതുമ്പുന്ന മിഥുന രാവായ്
പിറക്കേണ്ട.
വളരെ ലളിതമായ് 
വളരെ അനയാസമധുരമായ്‌
ഒരു പരിഭവത്തിന്‍ കരടു പോലുമില്ലാതെ 
ഞാന്‍ പോകുന്നു. 
വാതിലടച്ച്ചു കൊളുത്തിട്ടു നീ മയങ്ങിക്കോള്‍ക 
കൊള്ളിവച്ചാളും കനല്‍ ചിറയില്‍ 
ഒരുമ്പെട്ടു ചാടുമെന്‍ വാഴ്വിന്‍റെ 
നീളുന്ന നിലവി ളികള്‍ 
കരിം പുകച്ചുരുളുകള്‍ 
ഒരു കൂടുപേക്ഷിച്ച്ചു പോകും കിളിയ്ക്കാര് 
നല്‍കും ഉദകം എന്നോര്‍ത്ത് 
കണ്ണീരു കൂട്ടി കുഴച്ചു നീ തിലോദകം തൂവാതെ 
മെല്ലെ മടങ്ങുക 
ഈ യാത്രയില്‍ ആരും ആര്‍ക്കും കൂട്ടിനില്ലെന്നും 
അവസാന സന്ധ്യയില്‍ സൂര്യന്‍ പടിഞ്ഞാറ് കാണില്ല എന്നും 
തിരകളില്‍ കരള്‍ തല്ലി കടലുകള്‍ കരയുക ഇല്ലെന്നും അറിയുക.
കണ്ണേ മടങ്ങുക.
@@@@@@










 

Kinaavukal

കാണാ മറയത്തു നിന്നു 
ഓടി വന്നു 
ഓര്‍ക്കാപുറത്ത്
ഒരുമ്മയുടെ ആലിലയിലേക്ക്
എന്നെ മലര്‍ത്തിക്കിടത്തിയ കണ്ണാ 
എന്റെ കൂമ്പിയ മിഴികളിലെയ്ക്ക് 
മയില്‍‌പ്പീലി സ്പര്‍ശമായി 
നിന്റെ സ്നേഹം!
ഒരാവര്‍ത്തി കൂടി ഞാന്‍ 
യമുനയുടെ അനിയത്തിയായി 
പിറന്നെന്കിലെന്നു 
ആശിച്ചു പോകുകയാണ് - വെറുതേ!

Wednesday 2 February 2011

FromSomewhere To Nowhere


From somewhere to nowhere
I am here
I am neither walking nor flying
Swimming but 
Simply melting as a hard rock
On your white silky shoulders.

From somewhere to nowhere
I was here
I was neither talking or laughing
Hearing but
Simply filling me up with your
Soul, my dear.

And I will be here
Unto the moment you dare
Say adieu, my dear.