Monday 7 February 2011

വിവാഹങ്ങള്‍ ഇന്നും സ്വര്‍ഗത്തില്‍ തന്നെ നടക്കുകയും മോചിതര്‍ നരകത്തിലേക്ക് 
ഓടുകയും ചെയ്യുന്നു  

കാമത്തില്‍ നിന്നും നായികയെ ത്രാണനം 
ചെയ്യുന്നവന്‍ കാമുകന്‍.
ഞരമ്പ് രോഗി കാമുകനാവില്ല.
ഭൌതികത്തില്‍ നയിച്ചും നയിപ്പിച്ചും 
ഭൌതികാതീത ജീവിതത്തില്‍ 
ഒരുമിച്ചു യാത്ര ചെയ്യുന്നവര്‍ 
ഭാര്യാ ഭര്‍ത്താക്കന്മാര്‍.
അരയ്ക്കു ചേരണം അരഞ്ഞാണം.
തലയ്ക്കു ചേരണം തലപ്പാവ്.
അലങ്കാര ഭൂഷണങ്ങള്‍ കൊള്ളാം 
വധുവിനു വിവാഹ വേളയില്‍ മാത്രം 
ആള്‍കൂട്ടത്തില്‍ നിന്നു പെട്ടെന്ന്തിരിച്ചറിയാന്‍.
മുടിയില്‍ ചൂടിയ പൂവിനു പോലും ഒരു ദിവസത്തെ 
ആയുസ്സേ ഉള്ളൂ.
പട്ടു സാരിയും കനകാഭരണങ്ങളും
അഴിച്ചു വച്ചാലേ ആദ്യ രാത്രിയിലും 
ജീവിതം ഭാരരഹിതമാവൂ.
അത്യന്തംആകര്‍ഷകം എന്നൊന്നില്ല; മിഴികള്‍ പോലും.
കണ്ണിലൊരു കരടു വീണാല്‍ 
കണ്ണീരു കൊണ്ടു കഴുകലാണ് പ്രകൃതി ചികിത്സ. 
വസ്ത്ര ശാലയുടെ മോഡല്‍ എത്ര സുന്ദരി ആയാലും 
പരസ്സ്യത്ത്തില്‍ നഗ്നത എത്ര കാട്ടുന്നു എന്നാണു 
വിലപേശലിന്റെ മര്‍മ്മം. 
സെല്ല് ലോയ്ഡിലെ ചുംബനങ്ങള്‍ 
ചൂടില്ലാത്ത ദോശകള്‍ പോലെയാണ്.
സീരിയല്‍ കഥകള്‍ ജീവിതത്തില്‍ കഥയില്ലായ്മകള്‍ മാത്രം. എല്ലാം കാണണം. കണ്ടു നിറയരുത്. കണ്ണു നിറയേണ്ട കാര്യമില്ല. 
കളിയല്ല കല്യാണം എന്ന് പറഞ്ഞത് പഴം വാക്കായി. 
പാഴ്വാക്കായി. 
ഇന്നത്‌ സംഭവങ്ങള്‍ ആണ്. 
ഇവന്ടു  മാനേജര്‍മാരുടെ 
ഉപജീവനമാണ്.  
വൈവാഹിക പരസ്യങ്ങള്‍ നോക്കൂ 
മകള്‍ക്ക് വേണ്ടത് ഡോക്ടര്‍ , എന്‍ജിനീയര്‍, വക്കീല്‍, സോഫ്റ്റ്‌വെയര്‍ പ്രഫഷണല്‍. എന്‍ ആര്‍ ഐ. പച്ച കാര്‍ഡ് ഉണ്ടെങ്കില്‍ വളരെ മെച്ചം.
മകന് വേണ്ടത് ഡോക്ടര്‍, എഞ്ചിനീയര്‍, ടീച്ചര്‍, 
സോഫ്റ്റ്‌വെയര്‍ പ്രഫഷണല്‍.  അച്ഛനമ്മമാര്‍ക്ക് പച്ച കാര്‍ഡ് ഉണ്ടെങ്കില്‍ മുന്‍ഗണന. 
നല്ല ഭര്‍ത്താവിനെയോ, ഭാര്യയെയോ എവിടെ എങ്ങിനെ കിട്ടും എന്നല്ല.
അതു തിരയാനുള്ള ആകാംക്ഷയില്‍ ഇതെല്ലാം 
മാത്രമാണ് പുതിയ അളവുകോലുകള്‍.
ജീവിതത്തില്‍ കൂട്ടുകാരായി മക്കള്‍ക്ക്‌ 
പ്രഫഷണല്‍ ഊന്നു വടികള്‍ മതി. 
പെരുമുടികള്‍; കൊടുമുടികള്‍ കയറേണ്ടവരല്ലേ!
വിവാഹം പണ്ടത്തെപ്പോലെ ഒരു സ്വകാര്യമായ അനുഭൂതിയല്ലല്ലോ.
അച്ഛനും അമ്മയ്ക്കും ബന്ധുക്കള്‍ക്കും 
ആഘോഷമായി ആഭരണ കടകളുടെ, വസ്ത്ര ശാലകളുടെ, ബ്യൂട്ടി പാര്‍ലര്‍കളുടെ 
ക്യാഷ് കൌണ്ടറുകളില്‍  പണക്കൊട്ട ചൊരിയാനുള്ള
അവസരമാണ്. 
സ്വര്‍ ണ്ണ ത്തിനു തീ വിലയാ, എന്‍റെ ദൈവമേ വിലപിച്ച്ചിട്ടെന്താ കാര്യം.
കൈയും മെയ്യും സ്വയം പൊള്ളിക്കാന്‍ 
തിരക്കിട്ടാണ് ജ്വല്ലറികളില്‍ ആളുകള്‍ ക്യു നില്‍ക്കുന്നത്. 
പണിക്കൂലി, പണിക്കുറവു, മാറ്റ് കുറവ്. നോക്ക് കൂലി. തൂക്ക കുറവ്. ഒരു പ്രശ്നവും ഇല്ലെന്നേ. ഇന്നലേം കൂടി ടീവീലെ പ്രൈം ടൈം പരസ്യത്തിലെ 
പെണ്ണിന്റെ കഴുത്തില്‍ കണ്ട അതേ മാല, അതേ നെക്ലസ്, അതേ വള. അതു മതി. അതു തന്നെ മതി മോള്‍ക്ക്‌. ഇതിനു മാച്ചു ചെയ്യുന്ന കല്യാണ സാരിക്ക് ഒരു ലക്ഷം രൂപ അധികമൊന്നുമല്ലന്നേ.
ആധാരം പണയം വച്ചു ബ്ലൈഡില്‍ നിന്നു 
ലോണ്‍ എടുത്താലും 
മക്കളെ പട്ടും പൊന്നും കൊണ്ടു കുളിപ്പിച്ച് കിടത്തിയിട്ട് വേണം 
മലയാളിക്ക് അടുത്ത ഫ്ലൈറ്റില്‍ പട്ടടയിലേക്ക്‌ പോകാന്‍. 
ഒരു പൌര്‍ ണ്ണമി മുഴുവന്‍ കണ്ടു കഴിയാതെ 
ഒന്നുകില്‍ മകന്‍, അല്ലെങ്കില്‍ മകള്‍ 
കെട്ടു താലി ഊരി എറിഞ്ഞു കൊണ്ടാവും ഒരു വരവ്.
അനാഘോഷമായി അനാര്‍ഭാടമായി ഒരു മടക്കം; അവന്‍ ഒട്ടും  കൊള്ളില്ല. അല്ലെങ്കില്‍ അവള്‍ മഹാ  പെഴയാണ്. ഇനി വേണ്ട.
ഒട്ടും കൊളളാത്തവനും മഹാ പെഴയും പിന്നെ ഒറ്റ ഓട്ടം. കുടുംബ കോടതിയിലേക്ക്. 
തിക്കും തിരക്കും വിയര്‍പ്പും കൊണ്ടു നട്ടം തിരിഞ്ഞാലും 
കാത്തിരുപ്പ് കല്‍പ്പാന്ത കാലം നീണ്ടാലും 
ഒഴിപ്പിച്ച്ച്ചേ അടങ്ങൂ. 
കൌണ്‍സലറുടെ മുന്‍പിലാണ് ആദ്യം ആവാഹന ക്രിയ.
പരമ രഹസ്സ്യമായാണ്. എങ്കിലും ബാധകള്‍ ഉറഞ്ഞു തുള്ളി പറയും: 
ഒഴിയണം
ഒഴിയില്ല 
ഒഴിപ്പിക്കും 
ഒഴിഞ്ഞു പോകില്ല 
കൌണ്‍സിലര്‍ ചോദിക്കും: എന്താ പ്രശ്നം? 
ബാധകള്‍ വീണ്ടും ഉറഞ്ഞു തുള്ളും: 
അവന്‍ കിടക്കയില്‍ മൂത്രമൊഴിച്ച്ചു.
അവള്‍ ചായ കുടിച്ച ലോട്ട കഴുകാതെ വച്ചു
അവന്‍ എന്‍റെ ആഭരണം പണയം വച്ചു കള്ള്   കുടിച്ചു. എന്നെ തള്ളി. പിന്നെ,
അവന്‍ കട്ടിലിന്റെ കാലുകള്‍ ഇളകുന്നു എന്ന് പറഞ്ഞു തിരിഞ്ഞു കിടന്നുറങ്ങി. 
അവള്‍ അയല്‍ക്കാരന്‍ ആശാരിയെ വിളിച്ചു കിടപ്പ് മുറിയില്‍ കയറ്റി.
അവന്‍ പട്ടി; എന്നെ പറ്റിച്ചു. 
അവള്‍ തെണ്ടി; എന്നെ നാറ്റിച്ചു.
ഒഴിപ്പിക്കും 
ഒഴിയില്ല. 

മേശ വലിപ്പില്‍ നിന്നു വികസ് ബാം എടുത്തു നെറ്റിയില്‍ ആലേപനം ചെയ്തു, അല്‍പ്പം ധ്യാനിച്ചു, കണ്ണു തുറന്നു കൊണ്ടു ഒന്നു കോട്ട് വായിട്ടു  കൌണ്‍ സിലര്‍ ബാധകളോട് അവസാനമായി ഒരു ചോദ്യമുണ്ട്:
-ഇതിവിടം കൊണ്ടു തീര്വോ? 
ബാധകളില്‍ ബുദ്ധിയും തന്റേടവും ഉള്ള ചിലതുണ്ട്. 
-ഒഴിയാം. ഭാവി ജീവനാംശമായി ഒരു നല്ല സംഖ്യഅവന്‍ കോടതിയില്‍ ഉഴിഞ്ഞു കെട്ടി വയ്ക്കണം. എന്നെ ഇനി എവിടെയെങ്കിലും ആവാഹിച്ചു കുടിയിരുത്തുന്നത് വരെ എനിക്കിങ്ങനെ അലഞ്ഞു നടക്കാന്‍ വയ്യ. 
ചെക്കന്‍ബാധയുടെ കൂടെ വന്ന രാഹു കേതുക്കള്‍ പുരത്ത് നില്‍പ്പുണ്ടാവും. അവര്‍ വന്നു അവന്റെ ചെവിയില്‍ പറയും. സമ്മതിച്ച്ചൂന്നു പറ. പത്ത് ലക്ഷം പണ്ടാരടങ്ങാം. നമ്മടെ ഭാഗത്ത് നിന്നു ഇവക്കു കൊടുത്ത സമ്മാനങ്ങളും തുണീം തിരിച്ചു തരാന്‍ പറഞ്ഞു നോക്കടാ. കിട്ട്യാല്‍ അത്രേം ആയി. അടുത്ത മകരത്തില് മുച്ചിലോട്ടു കാവിലെ താലപ്പൊലി കഴിഞ്ഞു നിനക്ക് നല്ലൊരു കേസ് ഞങ്ങളാലോചിച്ചു 
നടത്തി തരാം.
എല്ലാ ആവാഹന കര്‍മ്മങ്ങളും ഇപ്രകാരം ലളിതവും ശുഭ പര്യവസായിയും ആയിക്കൊള്ളണം എന്നില്ല. ചുട്ട കോഴിയെ പറപ്പിക്കുന്ന വക്കീലന്മാര്‍ മുഖേന മാസങ്ങള്‍, വര്‍ഷങ്ങള്‍ നീണ്ടു നില്‍ക്കുന്ന ആവാഹനക്രിയകള്‍  തന്നെ വേണ്ടി വരുന്ന വൈവാഹിക ആഭിചാരങ്ങള്‍ തന്നെ നിരവധി. അതിനെ കുറിച്ചു സമഗ്രമായി പഠിച്ച ശേഷം പിന്നെ എഴുതാം ട്ടോ . ഇപ്പൊ ഇത്രയും മതീ ട്ടോ. 
@@@@    @@@@@

No comments:

Post a Comment