Monday 7 February 2011

POOMARANGAL KARAYUNNU

 പൂമരങ്ങള്‍ കരയുന്നു

എന്‍റെ കയ്യില്‍ തരാനില്ലൊരു തൂലിക 
എന്നും നിനക്കെഴുതാന്‍, എന്‍റെ സ്നേഹിതാ 
കണ്ണില്‍ നിന്നും കടമായെടുക്കാനൊരു 
പൊന്നിന്‍ കിനാവ്‌ പോലും സ്വന്തമായില്ല!
വര്‍ണ്ണങ്ങള്‍ വാരി വിതച്ച കൌമാരങ്ങള്‍ 
യൌവ്വനം പൂത്തു നിറഞ്ഞ സുഗന്ധങ്ങള്‍ 
എല്ലാം എരിഞ്ഞും കരിഞ്ഞും തുടങ്ങുന്ന 
സന്ധ്യകള്‍ മാത്രം മതി എന്‍റെ കൂട്ടിനായ്. 
നിന്‍റെ മൃണാള മൃദുലാന്ഗുലികളെ
ചുംബിച്ചുണര്ത്താന്‍ എനിക്കില്ല ചുണ്ടുകള്‍ 
നിന്‍റെ സുകൃത സുധാ ധാരയില്‍ മുങ്ങി 
പൊങ്ങി നീന്താന്‍ എനിക്കില്ലിനി രാത്രികള്‍ 
നെഞ്ചിലെ ഭാവ ഗീതങ്ങള്‍ക്കിണയായ
സംഗീത മൊന്നു മില്ലെന്‍ കളി വീണയില്‍.
പക്ഷങ്ങള്‍ പാതി തളര്‍ന്നൊരീ പക്ഷിയെ 
ഒറ്റയ്ക്കിവിടെ ഉപേക്ഷിച്ചു പോകു നീ 
കണ്ടു മറന്ന വാഴ്വിന്‍റെ മന്ദസ്മിതം 
നന്ദി; മറക്കാന്‍ എനിക്കാവതില്ലിനി.
തരളമാം  സ്പര്‍ശം തരംഗ ഫേനങ്ങളായ് 
തഴുകി ഉണര്‍ത്തിയ ഹര്‍ഷാങ്കുരങ്ങളെ
താഴെ വച്ചൊന്നു തലോടി ഭവാനിതാ 
സ്നേഹാദരങ്ങളോടെ തരാം തിരികെ ഞാന്‍.
എന്‍റെ യായ് ഒന്നുമില്ലാത്തൊരീ യാത്രയില്‍ 
എണ്ണ വറ്റി തീര്‍ന്ന മണ്‍ ചിരാതെങ്കിലും
ആയിരം ബ്രഹ്മ വര്‍ഷങ്ങള്‍ക്കനന്തരം 
ഇന്ന് കാണുന്നതാവാം നമ്മളെങ്കിലും 
ഇന്ന് കൈനീട്ടമായ് ഞാന്‍ തരും നോവിന്‍റെ 
ചെണ്ട് മല്ലിപ്പൂ; ഇതാ ഒന്നെടുക്കുക.
വാതില്‍ അടച്ചു കൊളുത്ത്തിടും മുന്‍പ് നീ 
കാണാന്‍ കൊതിച്ച തകര്‍ന്ന മനസ്സിന്‍റെ 
നാഴിക വട്ടയില്‍ കാലം ഭ്രമിക്കുന്ന 
കാല്‍പ്പദ വിന്യാസമായ് മറന്നേക്കുക 
കണ്ണു നീര്‍ എന്‍ കാഴ്ച മൂടുന്നുവെങ്കിലും 
ഭംഗിയില്‍ ഒന്നു ചിരിക്കാന്‍ ശ്രമിക്കുക.
*************************************************************










No comments:

Post a Comment