Tuesday 22 February 2011

SATHRAM

സത്രം 

കരയാറില്ലെങ്കിലും
നിന്‍റെ കണ്ണീരിന്നുപ്പെന്‍
കരളില്‍ ചേര്‍ത്തേ
രാത്രി വാതില്‍ ചാരിപ്പോകുന്നു. 
ചിരിയ്ക്കാന്‍ മറന്നു നീ 
നിന്‍റെ ചുണ്ടിലെ കരി- 
ന്തിരിയെന്നാത്മാവിന്‍റെ 
നോവില്‍ വീണലിയുന്നൂ
അറിയുന്നില്ലെങ്കിലും 
നിന്‍റെ മാര്‍വ്വിടം വിങ്ങി 
ചുരത്തും മുലപ്പാലില്‍ 
നൊമ്പരം രുചിക്കുന്നൂ 
അക്ഷരം പിറക്കുന്ന വേദന 
ഖനശ്യാമപക്ഷ ത്തിന്‍ വിപഞ്ചിക 
പൊട്ടുന്ന നിശീഥിനി
കൊളുത്തേണ്ടിനി യൊരു വിളക്കും 
തമസ്സിന്‍റെ കൊളുത്തില്‍ കോടിപ്പോയ 
മുഖങ്ങള്‍ വീണ്ടും കാണാന്‍
തുറക്കേണ്ടിനി നാമീ ജാലകം 
പുറത്തേയ്ക്ക് 
ഋതുക്കള്‍ മറന്നിട്ട മനസ്സിന്‍ ഇതള്‍ കാണാന്‍. 
സത്യങ്ങള്‍ ദുഃഖങ്ങള്‍ ഇനിയും നിറം മാഞ്ഞ
മിഥ്യകള്‍ കാണാന്‍ കണ്ണ് തുറക്കാതിരിയ്ക്കുക 
നരയ്ച്ച വികാരങ്ങള്‍ തോല്‍പ്പാവക്കളിത്തട്ടില്‍
വിറയ്ച്ച്ചു വീഴുംവരെ വെളിച്ചം സഹിക്കുക.
തിരിച്ചു നടക്കുമ്പോള്‍ പിന്നെയും വഴിമുട്ടി 
തരിച്ചു നില്‍ക്കുംപോളും
നിഴല്‍ പോളകള്‍ വേലിക്കെട്ടുകള്‍ക്കിടയില്‍ നി-
ന്നൊടുക്കം നമ്മെ നോക്കി കൊഞ്ഞനം കുത്തുമ്പോഴും 
ഓര്‍ക്കുക ഇത് വെറും സത്രമാണീ ജീവിതം 
സൗജന്യമായ് കിട്ടുന്ന ജന്മങ്ങള്‍ മരണങ്ങള്‍. 
 



No comments:

Post a Comment