Thursday 17 February 2011

NAMMUDE ILVA VEYILUKALIL

 നമ്മുടെ ഇള വെയിലുകളില്‍ ഇപ്പോഴും 
നാട്ടു മാമ്പഴത്തിന്റെ ഗന്ധമാണ് 

നമ്മുടെ  ഇള വെയിലുകളില്‍  എപ്പോഴും
 നാട്ടു മാമ്പഴത്തിന്റെ ഗന്ധമാണ്.
നമ്മള്‍ പഴയ മേടത്തിന്റെ 
നട്ടുച്ചകള്‍ കാത്തു മാഞ്ചുവട്ടില്‍ കാത്തു നിന്നവരാണ്.
പട്ടു പാവാടയുടുത്തു,
പാദസരങ്ങള്‍ കിലുക്കി 
മാറോടു അടുക്കിപ്പിടിച്ച്ച്ച സ്ലേറ്റില്‍ 
നീ കോറി വരച്ച അക്ഷരത്തിന്റെ മുന 
അഞ്ചു വയസ്സുകാരിയുടെ ചിണുങ്ങല്‍ ആയി
എന്നെ കാണിക്കാന്‍ ഓടി വന്ന ആ നിമിഷം, ദിനം, വര്ഷം. എല്ലാം ഓര്‍മ്മയുണ്ട്. 
ആ  പെണ്‍കുട്ടി 
നീയാണ്.
ആദ്യാക്ഷരം പോലെ അത്ഭുതമായി വളര്‍ന്ന 
ആ പെണ്‍കിടാവ് നീയാണ്. 
നീ പണ്ടും അങ്ങനെയാണ്. 
നീ പറയാറുള്ളതും അങ്ങനെയൊക്കെ തന്നെ ആണ്.
പറയാതെ പറയുന്ന ശീലം നിനക്ക് സ്വന്തമാണ്.
ഞാന്‍ ഈ ഊഞ്ഞാലില്‍ നിന്ന് എണീറ്റ്‌ വരണം 
നിന്റെ സ്ലേറ്റിലെ അക്ഷരം കാണണം. 
പിന്നെ നിന്റെ കൈകളിലെ കുപ്പിവളകള്‍ 
നോക്കണം. 
ചാന്തു പൊട്ടണിഞ്ഞ നിന്റെ നെറ്റിയിലെ കുറുനിരകള്‍  
കണ്ടു ഹായ് എന്ത് ഭംഗി എന്ന് ആത്മഗതം 
അല്‍പ്പം ഉറക്കെ പറയണം. 
നിനക്ക് അത് കേട്ട് കൊച്ചരി പല്ലുകള്‍ കാട്ടി പൊട്ടി ചിരിക്കണം.
പിന്നെ, ഊഞ്ഞാലാടാന്‍ നിന്റെ കൂടെ 
മാവിന്‍ ചുവട്ടില്‍ ഒപ്പം വരണം.
വിയര്‍ക്കുമ്പോള്‍ കൂമ്പാള വിശറികൊണ്ട്‌
നിന്നെ വീശി തരണം. 
പിന്നെ, ആടി തളരുമ്പോള്‍ കൈ പിടിച്ചു 
നിന്നെ ഊഞ്ഞാലില്‍ നിന്ന് താഴെയിറക്കണം.
ഇടവഴിയിലൂടെ നിനക്ക് മടങ്ങാന്‍ സമയമാകുമ്പോള്‍ 
ഇഴ ജന്തുക്കളെ കണ്ടു പേടിക്കാതിരിക്കാന്‍ 
ഞാന്‍ ഒപ്പം നടക്കണം.
ഉത്സവ പറമ്പില്‍ നിന്ന് രണ്ടു വള
പച്ചയും നീലയും നിറമുള്ള രണ്ടു റിബ്ബണ്‍
ഇഞ്ചി മുട്ടായി 
ഒരു മാല. 
ആനമയിലൊട്ടകം കളിക്കാന്‍ പോയ കഥകള്‍ പറയണം
ഓല മേഞ്ഞ സിനിമാ കൊട്ടകയില്‍ അവസാനം കണ്ട 
സിനിമയിലെ ഒരു പാട്ട് പാടി കേള്‍ക്കണം. 
പ്രേം നസീര്‍ ഷീല ജയഭാരതി മാരുടെ ആരുടേതായാലും ഒരു പടം നിനക്കായി കൊണ്ട് വന്നു തരണം.
ഇത്രയുമൊക്കെ മതിയായിരുന്നു നിനക്ക്.
ഇത്രയുമൊക്കെ വലുതായിരുന്നു നിനക്ക്.
അന്ന്.
നമ്മുടെ യൌവ്വനങ്ങള്‍ക്ക് തിരുവാതിരകളും 
ഓണ മുറ്റങ്ങളും പൂവിളിച്ചിരുന്നു.
അമാവാസിക്ക് പോലും നിന്റെ മുഖത്ത് 
അന്ന് പൂര്‍ണ്ണ ചന്ദ്രന്‍ ഉദിച്ചിരുന്നു. 
ഞാന്‍ ആ ചന്ദ്രികയില്‍ അലിഞ്ഞിരുന്നു. 
ആരും അറിയാതെ, ആരോടും പറയാതെ 
നമുക്ക് അന്യോന്യം സ്നേഹിക്കാന്‍ കഴിഞ്ഞിരുന്നു.
ഇന്ന് 
ആ മാവ് നിന്നിടത്തു  ഒരു ഫ്ലാറ്റ് സമുച്ചയം 
കുട്ടികള്‍ പട്ടു പാവാട ചുറ്റാന്‍ മറന്ന ബാല്യങ്ങള്‍ 
ലാപ്ടോപ്പില്‍ ഗയിം കളിക്കുന്ന കൌമാരങ്ങള്‍ 
ഊഞ്ഞാല്‍ പടികളില്‍ നിന്ന് തെറിച്ചു പോയ ഇടവ മധ്യാഹ്നങ്ങള്‍ 
വൈറ്റ് മെറ്റലിന്റെ വളകള്‍ക്കു കിലുക്കമില്ല. 
പ്ലാസ്റ്റി ക്കിന്റെ പൊട്ടണിഞ്ഞ നെറ്റിയിലേക്ക് കുറുനിരകള്‍ മയങ്ങി വീഴാറില്ല. 
ജീന്‍സിനും ടോപ്പിനും കൌതുകത്തിന്റെ കരള്‍ ചെപ്പു തുറക്കാന്‍ പറ്റുന്നില്ല. 
ഇവിടെ നീയിപ്പോള്‍ വന്നത് പോലും ഞാനറിഞ്ഞില്ല 
നിന്‍റെ പാദ ചലനങ്ങള്‍ പോലും എനിക്ക് കേള്‍ക്കാന്‍ കഴിയുന്നില്ല.
എന്‍റെ കണ്ണടകളിലൂടെ ഒന്നും വായിക്കാന്‍ കഴിയുന്നില്ല; നിന്‍റെ മനസ്സിന്‍റെ സ്ലേറ്റിലെ
ഈ അക്ഷരം എനിക്ക് അജ്ഞാതമാണ്. 

എങ്കിലും 
നേരം വല്ലാതെ ആയി. പോകാം എന്ന് പറയുമ്പോള്‍ 
നീയിപ്പോഴും എന്‍റെ കൈ പിടിക്കാന്‍ ആഗ്രഹിക്കുന്നുണ്ട്. 
നിന്‍റെ കൈകള്‍ വിറയ്ക്കുന്നു. 
നിന്‍റെ വീട്ടിലേക്കുള്ള ഇടവഴികളെല്ലാം ഇപ്പോള്‍ ഷോപ്പിംഗ്‌ മാളുകളുടെ മരുഭൂമികള്‍ മാത്രം.
വാ
ഇവിടെ നിന്നാല്‍ നമുക്ക് ഇത്തിരി വെള്ളം പോലും കിട്ടില്ല. അത്രയ്ക്ക് ചൂടാണ് ഈ വേനലിന്. 
എന്‍റെ തോര്‍ത്ത്‌ നിന്‍റെ തലയില്‍ ഇട്ടോ. അത്രയും വെയില്‍ കൊള്ളാതെ നടക്കാം. 
തളര്ച്ചയുന്ടെങ്കില്‍ നമുക്ക് ഇത്തിരി നേരം വിശ്രമിക്കാം. എന്‍റെ മടിയിലേക്ക്‌ തല വച്ചു കിടന്നോ. 
പിന്നെ നിനക്ക് നടക്കാന്‍ വയ്യെങ്കില്‍, ഞാന്‍ താങ്ങി പിടിക്കാം. വീഴില്ല. 
അടുത്ത നാല്‍ക്കവല എത്തട്ടെ. ഇത്തിരി സംഭാരം. അല്ല ഒരു നാരങ്ങ സര്‍ബ്ബത്തെങ്കിലും വാങ്ങി തരാം. 
അല്ലാ, ഇതെന്താ കഥ? നീ ഇത്ര വേഗം ഉറങ്ങി കഴിഞ്ഞോ? 
വേണ്ട. ഞാന്‍ നിന്നെ ഉണര്‍ത്തുന്നില്ല. ശാന്തമായി 
ഉറങ്ങൂ. 
രാരീരം രാരീരം രാരീരാരോ ...
@@@@@@@@

No comments:

Post a Comment