Friday 29 July 2011

IPPOL NAMMAL MAATHRAM

ഇപ്പോള്‍ നമ്മള്‍ മാത്രം. 
കര്‍ക്കിടകത്തിലെ ഈ രാത്രിയുടെ
മിഴികളില്‍ ഒരു കാത്തിരുപ്പിന്റെ ഉറക്കം മുറ്റി നില്‍ക്കുന്നു.
മഴയുടെ കുളിരും കാറ്റിന്റെ ശബ്ദവും 
ഞരമ്പുകളില്‍ ദാഹത്തിന്റെ മെത്തനിവര്‍ത്തുന്നു.
മൌനത്തിന്റെ വിരലുകള്‍ നിന്റെ സ്വപ്നത്തിന്റെ 
മേനിയിലേക്ക്‌ എന്റെ മരുഭൂമിയുടെ  ചൂട് പകരുന്നു. 
അപ്പോള്‍ മാത്രം വിടര്‍ന്ന ഒരു ചെമ്പകമൊട്ടിന്റെ
ചുണ്ടിലേക്ക്‌ ആത്മാവിന്റെ ചുണ്ടുകള്‍ ചേരുന്നു.
വളരെ സാവധാനം
ഞാന്‍ നിന്നിലേക്ക്‌ വളരുകയാണ്. 
നീ എന്നിലേക്ക്‌ ഒരു നദിയുടെ താളത്തില്‍ 
ഒഴുകി ഒഴുകി നിറയുകയാണ്. 
ഇപ്പോള്‍ നമ്മള്‍ മാത്രം. 
@@@
നിന്റെ മാറില്‍ മുഖം ചേര്‍ത്ത് 
നഗ്നവും ഉര്‍വ്വരവും ആയ നിന്റെ സ്വപ്നങ്ങളുടെ 
ഭംഗിയിലേക്ക് ഒരു പരിരംഭണത്തിന്റെ
മുല്ലപ്പൂ ചൂടിച്ചു, 
വെറുതെ നിന്റെ കവിളില്‍ ഉമ്മവച്ച്ച് 
ഉമ്മവച്ചു തുടുപ്പിച്ചു കൊണ്ടിരിക്കുമ്പോള്‍ 
സിരകളില്‍ നിന്ന് ഒഴുകി വരുന്നത് 
മധ്യമാവതി രാഗം. 
ഇപ്പോള്‍ നമ്മള്‍ മാത്രം.
@@@
ഒടുവിലത്തെ 
മഴയ്ക്ക്‌ മുന്പ്, 
ഒരു മടക്ക യാത്രയുടെ പിന്‍ നിലാവ്
നിന്റെ മിഴികളുടെ ആകാശത്ത് 
മൊഴികള്‍ പൊത്തി തേങ്ങുന്നതും
ഉണ്മയുടെ ചിറകിലൂടെ
അനാദികാലം നമ്മള്‍
ആലിംഗനബദ്ധ രാകുന്നതും 
കര്‍ക്കിടകം ചേമ്പിന്റെ താളില്‍ 
കുറിച്ചിട്ട സ്നേഹം പോലെ
ഒരു മഴ ആവര്‍ത്തിക്കുന്നതും 
@@@
പുഴയില്‍ വെള്ളം നിറഞ്ഞു തണുക്കുന്ന 
കരയില്‍ നിന്ന്  ഈ രാത്രി 
നിന്റെ പാതികൂമ്പിയ കണ്ണുകളില്‍ 
നിറയ്ക്കുന്ന അനുഭൂതി 
കേശാദി പാദം ഇരുട്ട് 
നമ്മെ ഉമ്മ വച്ച് ഒരു യുഗം 
നിറയ്ക്കുകയാണ്. 
ഇപ്പോള്‍ നമ്മള്‍ മാത്രം.
@@@





No comments:

Post a Comment